ബാലരാമപുരം നൂല്‍ ചൈനയും കടന്ന് ഹോങ്കോങ്ങിലേക്ക്

ബാലരാമപുരം ട്രിവാന്‍ഡ്രം സ്പിന്നിങ്മില്ലില്‍നിന്ന് നൂല്‍ കൊണ്ടുപോകുന്നതിന്റെ ഫ്ളാഗ് ഓഫ് എ സി മൊയ്തീന്‍ നിര്‍വഹിക്കുന്നു


ബാലരാമപുരം > തകര്‍ച്ചയുടെ കാലംമറന്ന് വളര്‍ച്ചയിലേക്ക് കുതിക്കുന്ന ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്മില്‍ ഏഷ്യന്‍ വിപണി കീഴടക്കാനൊരുങ്ങുന്നു. തായ്ലന്‍ഡ്, ചൈന എന്നീ രാജ്യങ്ങള്‍ക്കുപുറമെ ഹോങ്കോങ്ങും സംസ്ഥാന സര്‍ക്കാരുമായി നൂലിനുവേണ്ടി ധാരണാപത്രം ഒപ്പിട്ടു. മലേഷ്യ, സിംഗപ്പൂര്‍, വിയത്നാം എന്നീ രാജ്യങ്ങളിലും  പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും നൂലിന് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന വ്യവസായവകുപ്പ്. വെള്ളിയാഴ്ച തായ്ലന്‍ഡിലേക്കും ചൈനയിലേക്കും  നൂല് കൊണ്ടുപോകുന്നതിന്റെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. യുഡിഎഫ് ഭരണകാലത്ത് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ട്രിവാന്‍ഡ്രം സ്പിന്നിങ്മില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയിലേക്കുയര്‍ത്തി. രണ്ടുമാസംമുമ്പ് തായ്ലന്‍ഡിലേക്ക് രണ്ടു കണ്ടെയ്നര്‍ നൂല് കയറ്റി അയച്ചതിനുപിന്നാലെയാണ് ചൈനയിലും ഹോങ്കോങ്ങിലും വിപണി ലഭിച്ചത്. മില്ലിലെ നൂലുല്‍പ്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാണ് വ്യവസായവകുപ്പ് നടത്തുന്നത്. ഇതിനോടകം 3.30 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മില്ലില്‍ നടപ്പാക്കി. രണ്ടുകോടികൂടി അനുവദിച്ച് കൂടുതല്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച് നിര്‍മാണം ഇരട്ടിയാക്കും. 50 തൊഴിലാളികള്‍ ഇപ്പോഴുണ്ട്. ഇത് നൂറാക്കി വര്‍ധിപ്പിക്കാനും വ്യവസായവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ മൂന്നുകോടിയോളം രൂപയാണ് അനുവദിച്ചത്. കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തിന്റെ ഗതകാലപ്രൌഢി തിരിച്ചുപിടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഇതിനായി ട്രിവാന്‍ഡ്രം സ്പിന്നിങ്മില്‍ പുനരുദ്ധാരണത്തിന് 7.86 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ ഉല്‍പ്പാദിപ്പിച്ച രണ്ടു കണ്ടെയ്നര്‍ നൂല്‍ തായ്ലന്‍ഡിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തശേഷം മില്‍വളപ്പില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് സ്പിന്നിങ് മില്ലിന് 7.86 കോടി രൂപ അനുവദിക്കും. ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍സ് നൂലില്‍ നിന്നുണ്ടാകുന്ന വേസ്റ്റ് ഉപയോഗിച്ച് ക്യാരിബാഗും ഫര്‍ണിഷിങ് തുണിത്തരങ്ങളും നിര്‍മിക്കും. ഇതിലൂടെ കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുമാസംമുമ്പ് തായ്ലന്‍ഡിലേക്ക് രണ്ടു കണ്ടെയ്നര്‍ നൂല്‍ കയറ്റി അയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രണ്ടു കണ്ടെയ്നര്‍കൂടി അയക്കുന്നത്. ചൈനയിലേക്ക് 19.5 ടണ്‍വീതമുള്ള മൂന്നു കണ്ടെയ്നര്‍ നൂലുകള്‍ കയറ്റി അയക്കാനുള്ള ധാരണാപത്രവും യോഗത്തില്‍ കൈമാറി.  പ്രതിദിനം 680 ക്വിന്റല്‍ നൂല്‍  ഉല്‍പ്പാദനമാണ് ഇപ്പോഴുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 3.15 കോടി രൂപയുടെ വികസനപരിപാടികള്‍ നടപ്പാക്കിയതോടെയാണ് മില്ലിന്റെപ്രവര്‍ത്തനം അതിജീവനത്തിന്റെ കരുത്ത് നേടിയത്. Read on deshabhimani.com

Related News