ജലജേന്ദ്രന്റെ കാഴ്‌ചയൊരുക്കാൻ നന്മയുടെ വെളിച്ചമേകി വാട്‌സ‌്ആപ്പ‌് കൂട്ടായ‌്മ



തിരുവനന്തപുരം രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട അടയമൺ ചൈത്രത്തിൽ ജലജേന്ദ്രന്റെ (52) അടിയന്തര ശസ്ത്രക്രിയക്ക്ചികിത്സാച്ചെലവ‌് ഏറ്റെടുത്ത് തൊളിക്കുഴി വാട‌്സ‌്ആപ്പ‌് ഗ്രൂപ്പ് വീണ്ടും മാതൃകയായി.   നാലുവർഷം മുമ്പാണ് രക്തസമ്മർദത്തെത്തുടർന്ന് ജലജേന്ദ്രന്റെ കാഴ്ച മങ്ങിത്തുടങ്ങിയത്. തിരുവനന്തപുരം കണ്ണാശുപത്രിയിലും മെഡിക്കൽ കോളേജിലുമൊക്കെ ചികിൽസ തേടിയെങ്കിലും രണ്ട് കണ്ണിന്റെയും കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് തുടർ ചികിൽസകൾ അസാധ്യമായി. ദരിദ്രകുടുംബത്തിന്റെ  ഏക അത്താണിയായിരുന്നു ഇദ്ദേഹം. തയ്യൽ ജോലിയും പെയിന്റിങ‌് ജോലിയും ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അസുഖ ബാധിതയായ ഭാര്യയും വിദ്യർഥികളായ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. ജോലിക്കു പോകാൻ കഴിയാത്തതിനാൽ അഞ്ചുവർഷമായി കുടുംബം പട്ടിണിയിലാണ്.   തുടർ ചികിൽസയ‌്ക്കായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാരെ കണ്ടപ്പോൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയാൽ കാഴ്ച തിരിച്ച് കിട്ടുമെന്നറിയിച്ചു. ശസ്ത്രക്രിയക്ക് നാൽപ്പത്തയ്യായിരം രൂപ അടയ‌്ക്കണമെന്നാവശ്യപ്പെട്ടു. വണ്ടിക്കൂലിക്കുപോലും പാങ്ങില്ലാത്തതിനാൽ തിരികെ വീട്ടിൽ എത്തി. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന തൊളിക്കുഴി വാട‌്സ‌്ആപ്പ‌് ഗ്രൂപ്പിന്റെ പ്രതിനിധികളെ കാര്യം അറിയിക്കുകയും അന്ന് തന്നെ വാട്സ്ആപ് ഗ്രൂപ്പംഗങ്ങൾ തുക സ്വരുപിച്ച‌് ചികിൽസാ ചെലവിനും യാത്രാച്ചെലവിനുമായി അമ്പതിനായിരം രൂപ  വീട്ടിൽ എത്തിച്ചു. മധുര അരവിന്ദ് ഹോസ്പിറ്റലിൽ ബന്ധപ്പെട്ട‌്  14ന് ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. വാട്സ് ആപ് ഗ്രൂപ്പ് പ്രസിഡന്റ് ബി ഷാജി, ജനറൽ സെക്രട്ടറി എം തമീമുദീൻ, എ നിസാറുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ് ഫൈസി, എ എം ഇർഷാദ്, എ ആർ ഷെമീം, ടി  താഹ, അൻസർ, ഷാം എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി തുക കൈമാറിയത്.   നാട്ടിലും വിദേശത്തുമുള്ള എഴുപതോളം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് തൊളിക്കുഴി വാട്സ്ആപ് ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ സാന്ത്വന പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളുമാണ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. Read on deshabhimani.com

Related News