ചരിത്രത്തിനു മുകളില്‍ മുടവന്‍മുഗള്‍

എ കെ ജി മുടവന്‍മുകള്‍ സത്യഗ്രഹത്തില്‍


തിരുവനന്തപുരം > 'പ്രസിഡന്റിന്റെ അനുമതി കിട്ടിയ നിയമം നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത ഭരണാധികാരികളാണോ, ഞാനാണോ കുറ്റക്കാരന്‍?' കോടതി മുറിയില്‍ എ കെ ജിയുടെ കനത്ത ശബ്ദം. സബ് മജിസ്ട്രേട്ട് സ്തബ്ധനായി. കേസ് മാറ്റിവച്ച് അദ്ദേഹം ചേംബറിലേക്ക്.  മുടവന്‍മുഗള്‍ മിച്ചഭൂമി സമരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വഞ്ചിയൂര്‍ കോടതിയില്‍ ഈ നാടകീയ രംഗം, 48 വര്‍ഷം മുമ്പ്. നിയമം ലംഘിച്ചെന്ന പേരില്‍ തങ്ങളെ അറസ്റ്റ് ചെയ്ത ഭരണസംവിധാനത്തെത്തന്നെ കോടതിയില്‍ വിചാരണ ചെയ്തു എ കെ ജി. ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് തന്റേതായ ഒരിടവും തന്റേടവും നല്‍കിക്കൊണ്ട് ആളിപ്പടര്‍ന്ന ദീര്‍ഘസമരങ്ങളുടെ തീപ്പൊരിയാണ് മുടവന്‍മുഗളില്‍ നിന്നു പൊട്ടിച്ചിതറിയത്.  ചുട്ടിത്തോര്‍ത്ത് തോളിലിട്ട്, മുണ്ട് മടക്കിക്കുത്തി തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ചാടിക്കടന്ന എ കെ ജിയുടെ ചിത്രം ഇന്നും ആവേശം. കൊട്ടാരവളപ്പിലെ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ച് അദ്ദേഹവും 27 സമരഭടന്മാരും കൊളുത്തിയ തീ അധികാരികളുടെ ധിക്കാരത്തിന്റെ മേല്‍ക്കൂരകള്‍ ചുട്ടെരിച്ചു. 1970 മെയ് 25നായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ സമരം. രാവിലെ പത്തിന് എ കെ ജിയുടെ നേതൃത്വത്തില്‍ 27 സന്നദ്ധഭടന്മാര്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ജാഥയുടെ അകമ്പടിയോടെ മുടവന്‍മുഗളിലേക്ക്. അഴീക്കോടന്‍ രാഘവന്‍, കാട്ടായിക്കോണം വി ശ്രീധര്‍, പുത്തലത്ത് നാരായണന്‍, അവണാകുഴി സദാശിവന്‍, കെ അനിരുദ്ധന്‍ തുടങ്ങിയവരായിരുന്നു മുന്നണിയില്‍.  മുടവന്‍മുഗളിലെത്തിയപ്പോള്‍ കൊട്ടാരഗേറ്റിനു മുന്നിലും റോഡിലും പൊലീസ് വലയം. ഗേറ്റ് പൂട്ടി തോക്കുമായി ഉന്നതോദ്യോഗസ്ഥര്‍. എ കെ ജി അവരെ നോക്കി ഒരു നിമിഷം നിന്നു. പിന്നെ കൂറ്റന്‍ മതില്‍ ലക്ഷ്യമാക്കി കുതിച്ചു. കൊട്ടാരവളപ്പില്‍ കടന്ന അദ്ദേഹം മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ചതായി പ്രഖ്യാപിച്ച് നിലത്തിരുന്നു. ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നും മുദ്രാവാക്യങ്ങളുടെ ഇടിമുഴങ്ങി. ജനക്കൂട്ടം ആവേശത്തില്‍ ഇളകിമറിഞ്ഞു. വളണ്ടിയര്‍മാര്‍ അറസ്റ്റിലായെങ്കിലും എ കെ ജി വഴങ്ങിയില്ല. അതോടെ കൊട്ടാരമുറ്റത്തേക്ക് ജനപ്രവാഹം. വൈകിട്ട് നാലിന് ബലം പ്രയോഗിച്ച് അറസ്റ്റ്. വഞ്ചിയൂര്‍ കോടതിയില്‍ അദ്ദേഹം സ്വയം കേസ് വാദിച്ചു. അതിനുമുന്നില്‍ മുട്ടുകുത്തിയ കോടതി ജാമ്യം നല്‍കി. കുപിതനായ എ കെ ജി ജാമ്യം നിരസിച്ചു. അദ്ദേഹവും വളണ്ടിയര്‍മാരും ജയിലില്‍. എല്ലാവര്‍ക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് എ കെ ജി കോടതിയില്‍ ധര്‍ണ നടത്തി. അതിന്റെ പേരില്‍ വീണ്ടും അറസ്റ്റും സെന്‍ട്രല്‍ ജയില്‍വാസവും.  പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും അറസ്റ്റ് അന്യായമാണെന്ന് കാണിച്ച് വീണ്ടും കോടതി മുറിയില്‍ ധര്‍ണ. അതോടെ എ കെ ജിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെങ്ങും സമരവേലിയേറ്റം. ഗത്യന്തരമില്ലാതെ ജൂണ്‍ അഞ്ചിന് കേസ് തള്ളി. എ കെ ജിക്കും മറ്റും മോചനം.  1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാര്‍ഷിക ബന്ധ ബില്ലിന് രൂപം നല്‍കിയെങ്കിലും സര്‍ക്കാരിനെ പിരിച്ചുവിട്ടതിനാല്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഐക്യമുന്നണി സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ കുറിച്ച് ആലോചിക്കാന്‍ 1969ല്‍ ആലപ്പുഴയില്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളികളും മറ്റു പുരോഗമന പ്രവര്‍ത്തകരും യോഗം ചേര്‍ന്നു. 1970 ജനുവരി ഒന്നു മുതല്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം തുടങ്ങാന്‍ ഈ യോഗം തീരുമാനിച്ചു. തുടര്‍ന്നാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പ്രക്ഷോഭത്തിനിറങ്ങിയത്. 1970 ജനുവരി ഒന്നിന് സംസ്ഥാനത്തുടനീളം കൃഷിക്കാരും കുടികിടപ്പുകാരും ഭൂമിയില്‍ അവകാശം സ്ഥാപിച്ചു. ജന്മികള്‍ ഗുണ്ടകളെയും സര്‍ക്കാര്‍ പൊലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കി. വെടിവയ്പിലും ആക്രമണത്തിലും നിരവധി മരണം. 1970 മെയ് 23ന് എറണാകുളത്ത് സമരസമിതി ചേര്‍ന്ന് സംസ്ഥാന വ്യാപകമായി 11 കേന്ദ്രങ്ങളില്‍ പതിമൂവായിരം ഏക്കര്‍ ഭൂമി പിടിച്ചെടുക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗം വക മുടവന്‍മുഗള്‍ കൊട്ടാരത്തില്‍ അവകാശം സ്ഥാപിച്ചത്. Read on deshabhimani.com

Related News