ഐഎംഎ പ്ളാന്റ്; കലക്ടര്‍ ഹിയറിങ് നടത്തി

ഇലവുപാലം ഓടുചുട്ടപടുക്കയില്‍ ഐഎംഎയുടെ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ കെ വാസുകി നാട്ടുകാരോട് സംസാരിക്കുന്നു


പാലോട് > ഇലവുപാലം ഓടുചുട്ടപടുക്കയില്‍ ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ കെ വാസുകിയുടെ നേതൃത്വത്തില്‍ ഹിയറിങ് നടത്തി. പ്ളാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു കലക്ടറുടെ ഹിയറിങ്. പ്രദേശവാസികളുള്‍പ്പെടെ നിരവധി പേരാണ് ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പ്രതിഷേധ പ്ളക്കാര്‍ഡുകളുമായാണ് നാട്ടുകാര്‍ ഹിയറിങ്ങിന് വന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി ചിത്രകുമാരിയുടെ അധ്യക്ഷതയിലായിരുന്നു ഹിയറിങ്.  പദ്ധതിക്കെതിരെ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം വൈസ്പ്രസിഡന്റ് കെ കുഞ്ഞുമോന്‍ അവതരിപ്പിച്ചു. ഐഎംഎയെ പ്രതിനിധീകരിച്ച് ഡോ. ശ്രീജിത്കുമാര്‍ പ്ളാന്റിന്റെ പ്രത്യേകത അവതരിപ്പിച്ചെങ്കിലും നാട്ടുകാര്‍ പലപ്പോഴും തടസ്സപ്പെടുത്തി. പൊലീസ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഐഎംഎ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കിയത്. വീഡിയോ പ്രദര്‍ശനം പ്രതിഷേധത്തെത്തുടര്‍ന്ന് നടന്നില്ല. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പാണ്ഡുരംഗന്‍, സമരസമിതി പ്രതിനിധി ഡോ. എം കമറുദീന്‍ എന്നിവര്‍ സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിശദീകരിച്ചു. നാട്ടുകാരുടെ അഭിപ്രായം കൂടി ഉള്‍ക്കൊള്ളുന്നതാകും റിപ്പോര്‍ട്ടെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. Read on deshabhimani.com

Related News