നാട് കൈകോർത്തു



 തിരുവല്ല  മുങ്ങി കിടന്ന വീടുകൾക്കുള്ളിൽ ഒരടിയോളം കനത്തിൽ അടിഞ്ഞ ചെളിയും മാലിന്യവും നീക്കം ചെയ്ത് ഭവനങ്ങളിൽ പുനരധിവാസത്തിന് വേണ്ടി നാട് കൈകോർത്ത് പൊരുതുകയാണ്. പഴയ നിലയിലേക്ക് ഓരോ വീടുകളെയും വീണ്ടെടുക്കുക ശ്രമകരമാണ്. വീടുകൾക്കുള്ളിലും പുറത്തും ഒരേ അളവിലാണ് മാലിന്യം അടിഞ്ഞിരിക്കുന്നത്. കടപ്ര, നിരണം നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലും തിരുവല്ല മുൻസിപ്പാലിറ്റിയിലും വെള്ളം കയറിയ വീടുകൾ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം സിപിഐ എം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്തിൽ ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മൂന്ന് ദിവസം നീണ്ടു നിൽക്കും. പൊതു സ്ഥലങ്ങളും. വീടുകളും ആരാധനാലയങ്ങളും എല്ലാം മൂന്ന് ദിവസം തിരുവല്ലയിൽ ക്യാമ്പ് ചെയ്ത് ശുചീകരിക്കും. വെള്ളം മൂടിയ കിണറുകൾ വറ്റിച്ച് ശുദ്ധീകരിക്കും. കരമന ഹരി, എസ് പുഷ്പലത, ചാല ഏരിയാ സെകട്ടറി എസ് എ സുന്ദർ, എൻ സുന്ദരൻ പിള്ള, കെ സി കൃഷ്ണൻകുട്ടി എന്നിവരടക്കം പാർട്ടി പ്രവർത്തകർ എല്ലാ സജീകരണങ്ങളോടുകൂടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.   പശു ഉൾപ്പെടെ ചത്ത് അഴുകി കിടന്ന മൃഗങ്ങളെ കൂട്ടത്തോടെ സംസ്കരിച്ചു. വെള്ളം ഇറങ്ങി ആളുകൾ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. ഒരാഴ്ചയിലേറെ മുങ്ങി കടന്ന വീടുകൾ പലതും അപകടാവസ്ഥയിലാണ്. വിണ്ടു കീറിയ ഭിത്തികൾ ദുർബലമാണ്. വസ്ത്രങ്ങൾ, ഇലക്ടിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കട്ടിൽ, മെത്ത, തലയിണ, കസേര, അലമാര തുടങ്ങി എല്ലാ വീട്ടുപകരണങ്ങളും നശിച്ചു പോയിട്ടുണ്ട്. തിരുവല്ലയിലെ എല്ലാ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്.  ഇതു കൂടാതെ നിരവധി സംഘടനകളും വ്യക്തികളും ശുചീകരണ പ്രവർത്തനങ്ങളിൽ കൈകോർത്തിട്ടുണ്ട്. അങ്കമാലി ഹോളിക്രോസ് കന്യാസ്ത്രീ മഠത്തിലെ അൻപതോളം കന്യാസ്ത്രീകൾ തിരുവല്ലയിൽ എത്തിശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പൊലീസ് അസോസിയേഷൻ പുളിക്കീഴ്, തിരുവല്ല യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊലീസുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. Read on deshabhimani.com

Related News