അപ്പർകുട്ടനാടിനെ വീണ്ടെടുക്കുന്നു



    തിരുവല്ല  പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ കരയ്ക്കെത്തിക്കാനുള്ള അവസാനവട്ട പരിശ്രമവും പൂർണവിജയത്തിലേക്ക്. അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളത്തിനടിയിലായ വീടുകൾക്ക് മുകളിൽനിന്ന് ജനങ്ങളെ കൂട്ടത്തോടെ കരയ്ക്കെത്തിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. മലവെള്ളം കയറിവന്നപ്പോൾ മുതൽ ചങ്ങാടങ്ങൾ കെട്ടിയുണ്ടാക്കിയും ചെറുവള്ളങ്ങളിലും രക്ഷാപ്രവർത്തരായ നാട്ടുകാർ നിരവധി പേരെ കരയ്ക്കെത്തിച്ചിരുന്നു.  നിലയില്ലാ കയങ്ങളായി ജലനിരപ്പുയർന്നപ്പോൾ  പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ടുകളും ആർമി, നേവി സംഘങ്ങളുടെ ഹെലിക്കോപ്റ്ററുകളും ബോട്ടുകളുമെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ ലക്ഷ്യം കാണാൻ കൈകോർത്തു. വീടിനുള്ളിൽ കുടുങ്ങിയവരെയെല്ലാം കരയ്ക്കെത്തിക്കാനായത് അപ്പർകുട്ടനാട്ടിലെ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനത്തിന് വിജയം കുറിച്ചു. കൂടുതൽ പേരെ അപകടങ്ങളിൽപെടാതെ കരയ്ക്കെത്തിക്കാൻ കഴിഞ്ഞു. ദ്രുതഗതിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ഭക്ഷണവും വസ്ത്രവും നൽകി.   തിരുവല്ല താലൂക്കിലാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. തിരുവല്ല നഗരത്തിൽ മാത്രമായി 45 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. തിരുവല്ലയിലെ തിരുമൂലപുരം, കറ്റോട്, മഞ്ഞാടി, കിഴക്കൻമുത്തൂർ, തിരുവല്ല ടൗൺ ഒഴികെ താലൂക്കിലെ എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്ന് രക്ഷപെടുത്തിയ ആളുകളെയും തിരുവല്ല നഗരത്തിലാണ് പാർപ്പിച്ചത്. ഒറ്റപ്പെട്ടവരെ തെരയാൻ വായുസേനയുടെയും ആർമിയുടെയും ഹെലിക്കോപ്റ്ററുകൾ രംഗത്തിറങ്ങി. ഒറ്റപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനും വാഹനം കടന്നുപോകാത്ത ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കാനും ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചു. ഒത്തൊരുമയോടുള്ള രക്ഷാപ്രവർത്തനങ്ങൾ മരണനിരക്ക് പൂർണമായി കുറച്ചു. ദുരിതബാധിതകർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ സാമൂഹ്യപ്രവർത്തകർ കൈകോർത്തു.   അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. റോഡുകളിൽനിന്ന് വെള്ളമിറങ്ങി തുടങ്ങി. എന്നാൽ, ഉൾപ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. ദിവസങ്ങളോളം വിച്ഛേദിച്ചിരുന്ന വൈദ്യുതി പുനസ്ഥാപിച്ചു തുടങ്ങി. മന്ത്രിമാരായ കെ കെ ഷൈലജ, മാത്യു ടി തോമസ്, കലക്ടർ പി ബി നൂഹ് എന്നിവർ തിരുവല്ലയിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തിരുവല്ല മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ പ്രളയബാധിതർക്കായി എത്തിച്ച ഭക്ഷണസാധനങ്ങൾ ഹെലിക്കോപ്ടറിൽ വിതരണം ചെയ്തു.        Read on deshabhimani.com

Related News