പകര്‍ച്ചവ്യാധി: തദ്ദേശസ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം - മന്ത്രി മാത്യു ടി തോമസ്

ആരോഗ്യ ജാഗ്രതാ ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണ യോഗം മന്ത്രി മാത്യു ടി.തോമസ് കുമ്പഴയില്‍ ഉദ്ഘാടനം ചെയ്യുന്നു.


 പത്തനംതിട്ട > പകര്‍ച്ചവ്യാധി നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ആരോഗ്യ ജാഗ്രതാ ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണത്തിന്റെയും മന്തുരോഗ പ്രതിരോധ ഗുളിക വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കുമ്പഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.      പൊതുജനാരോഗ്യ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മാലിന്യം കെട്ടിക്കിടക്കാതെ നിര്‍മാര്‍ജനം ചെയ്യുന്നതിനും ജലസ്രോതസ്സുകളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ഇരവിപേരൂര്‍ പഞ്ചായത്ത് ആരംഭിച്ച പദ്ധതി വളരെ ശ്ളാഘനീയമാണ്.   തോടുകളിലും മറ്റ് ജലാശയങ്ങളിലും  മാലിന്യം എറിയുന്നവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി നല്‍കിയാല്‍ ആയിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പഞ്ചായത്ത്. ഇത്തരം നൂതനവും പൊതുജനപങ്കാളിത്തവുമുള്ള പദ്ധതികള്‍ എല്ലാ പഞ്ചായത്തുകളും ഏറ്റെടുത്ത് നടപ്പിലാക്കണം.  ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ തടവും രണ്ട് ലക്ഷം രൂപ പിഴയും നല്‍കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കാന്‍ പൊലീസ് അധികാരികളുടെ സഹായവും തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  കലക്ടര്‍ ആര്‍ ഗിരിജ, നഗസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ഡിഎംഒ എ എല്‍ ഷൈലജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എബി സൂഷന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News