50 കോടി രൂപയുടെ സ്റ്റേഡിയം കോംപ്ളക്സ്: ഉടന്‍ എസ്റ്റിമേറ്റ് എടുക്കും പത്തനംതിട്ട > സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടി രൂപയുടെ സ്റ്റേഡിയം കോംപ്ളക്സ് നിര്‍മിക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകാന്‍ പത്തനംതിട്ട നഗരസഭ യോഗം തീരുമാനിച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സിലിനോട് ആവശ്യപ്പെടും. വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, നഗരസഭ കൌണ്‍സിലര്‍മാര്‍ എന്നിവരുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കൌണ്‍സില്‍ ചേര്‍ന്നത്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കും. നഗരസഭ അധ്യക്ഷയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി നടത്തുന്ന നഗരോത്സവം ഏപ്രില്‍ ആദ്യവാരം നടത്തും. ഇതിനായി വൈസ് ചെയര്‍മാന്‍ പി കെ ജേക്കബിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരത്തിലെ മാലിന്യം കത്തിക്കുന്നതും ഇതുമൂലമുണ്ടാകുന്ന പുകശല്യം സംബന്ധിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനുവരി 26ന് ആദിത്യ ഏജന്‍സിയുമായി ബന്ധപ്പെട്ട കരാര്‍ അവസാനിക്കുമെന്നും ഇവര്‍ തുടരേണ്ടതുണ്ടോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു. Read on deshabhimani.com

Related News