ഉരുൾപൊട്ടലിൽ മരിച്ചവർക്ക‌് നാടിന്റെ അന്ത്യാഞ‌്ജലി

നെന്മാറ ഗവ. ആശുപത്രിയിൽ അമ്മ സുഭദ്രയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന മകൾ അമിത


കൊല്ലങ്കോട‌് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നെന്മാറ പഞ്ചായത്തിന്റെ വക്കാവിലെ വാതകശ്മശാനത്തിൽ സംസ്കരിച്ചു. ചേരുങ്കാട‌്സ്വദേശി ഗംഗാധരൻ, ഭാര്യ സുഭദ്ര, മകൾ ആര്യ, മറ്റൊരു മകൾ ആതിര, ആതിരയുടെ 14 ദിവസം പ്രായമായ മകൻ എന്നിവരുടെ മൃതദേഹങ്ങൾ നെന്മാറ ഗവ. ആശുപത്രിയിൽനിന്ന് ശ‌്മശാനത്തിലേക്കെത്തിച്ച‌് സംസ്കരിക്കുകയായിരുന്നു. ആതിരയുടെയും ചോരക്കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. പിന്നീട് ആര്യ, ഗംഗാധരൻ, സുഭദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഒന്നര മണിക്കൂർ ഇടവേളകളിലാണ് സംസ്കരിക്കാൻ ശ്മശാനത്തിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. ഒരു മൃതദേഹം മാത്രം സംസ്കരിക്കാൻ സംവിധാനമുള്ള ശ‌്മശാനത്തിൽ സംസ്കരിക്കാൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം വേണം. ദുരന്തത്തിൽ മരിച്ച പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ അംബിക, മകൾ അനിത, അനിതയുടെ മകൾ ആത്മിക എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകിട്ട് പോസ്റ്റ്മോർട്ടത്തിനുശേഷം അംബികയുടെ വീടായ പയ്യാങ്കോട് എത്തിച്ചു. തുടർന്ന് അനിതയുടെ ഭർത്താവ് അനിൽ ഗൾഫിൽനിന്ന് വെള്ളിയാഴ്ച രാവിലെ എത്തിയശേഷം അനിലിന്റെ മുടപ്പല്ലൂരിലെ വീട്ടിൽ എത്തിക്കുകയും തുടർന്ന‌് വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കുകയുമായിരുന്നു. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ സംസ‌്കാരത്തിനു കൊണ്ടുപോകുമ്പോൾ അമിതയുടെ ഹൃദയം പൊട്ടുന്ന കരച്ചിൽ നെന്മാറ ആശുപത്രിയിലെത്തിയവരെയെല്ലാം കണ്ണീരിലാഴ‌്ത്തി. അച്ഛൻ ഗംഗാധരൻ, അമ്മ സുഭദ്ര, സഹോദരി ആതിര, ആതിരയുടെ 15 ദിവസം പ്രായമായ കുഞ്ഞ്, മറ്റൊരു സഹോദരി ആര്യ എന്നിവരുടെ ജീവനാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ നഷ‌്ടമായത‌്. മറ്റൊരു സഹോദരി അഖില ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്ടെ ജ്വല്ലറിയിൽ ജീവനക്കാരിയാണ് അമിത. ദുരന്തവാർത്തയറിഞ്ഞ് നെന്മാറയിൽ എത്തിയ അഖിലയെ കാത്തിരുന്നത‌് ഉറ്റവരുടെ ചേതനയറ്റ മൃതദേഹങ്ങളും മൺകൂനമായി മാറിയ വീടുമായിരുന്നു. Read on deshabhimani.com

Related News