നെല്ല് സംഭരണത്തിന് സന്നദ്ധമെന്ന് ജില്ലാ സഹകരണബാങ്ക്പാലക്കാട് > ജില്ലയിലെ നെല്ല് സംഭരണം ഏറ്റെടുക്കാന്‍ ജില്ലാ സഹകരണബാങ്ക് സന്നദ്ധമാണെന്നും ഇതിനായി പ്രാഥമിക സഹകരണസംഘങ്ങളുടെ സമിതിരൂപീകരിക്കുമെന്നും ജില്ലാ സഹകരണബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ എം കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ സംഭരണ വിലയനുസരിച്ച് ഒന്നാം വിളയ്ക്ക് 221.70 കോടി രൂപയും രണ്ടാംവിളയ്ക്ക് 284.62 കോടി രൂപയുമാണ് പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരുന്നത്. ജില്ലയില്‍ 94 സര്‍വീസ് സഹകരണബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ആകെ നിക്ഷേപം 6,090 കോടി രൂപയും പ്രൈമറി ബാങ്കുകള്‍ മറ്റ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് 2516 കോടി രൂപയുമാണ്. 1500ഓളം ജീവനക്കാര്‍ പ്രൈമറി സഹകരണബാങ്കുകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ 70 ശതമാനം തുകയാണ് വായ്പയായി നല്‍കുന്നത്. നെല്ല് സംഭരണത്തിന് ഒരുവര്‍ഷം ആവശ്യമായി വരുന്ന 500 കോടി രൂപ സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയായി നല്‍കുന്നതിന് ഒരു പ്രയാസവുമില്ല. ആവശ്യമെങ്കില്‍ കുറഞ്ഞ പലിശക്ക് ജില്ലാ ബാങ്കും വായ്പ നല്‍കും. ഇതിനായി പ്രൈമറി സഹകരണബാങ്കുകളില്‍നിന്നും നിശ്ചിത തുക സമാഹരിച്ചുകൊണ്ട് ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. നെല്ല് സംഭരിച്ചയുടന്‍ പണം ലഭിക്കുന്നില്ല, സംഭരണത്തിലെ കാലതാമസം, സ്വകാര്യമില്ലുകാരുടെ ചൂഷണം, സമയത്ത് സംഭരിക്കാത്തതിനാല്‍ ചുരുങ്ങിയ വിലയ്ക്ക് പുറത്ത് നെല്ല് വില്‍ക്കേണ്ടി വരുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുകയാണെങ്കില്‍ നെല്ല് നല്‍കിയ ഉടന്‍ പണം നല്‍കാനും സംഭരണത്തിലെ തടസ്സങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാനും കഴിയും. കാൈര്യച്ചെലവ്, കടത്തുകൂലി എന്നിവ സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള നടപടിയെടുത്താല്‍ നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നെല്ല് നല്‍കിയ കര്‍ഷകന് ഉടന്‍തന്നെ ബാങ്ക് അക്കൌണ്ടില്‍ പണം ലഭ്യമാക്കാനും കഴിയും. ഇതിനുള്ള നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന നെല്‍കര്‍ഷകസംഗമത്തില്‍ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും എം കെ ബാബു പറഞ്ഞു. നിലവില്‍ ജില്ലാ സഹകരണ ബാങ്ക് നെല്‍കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ സംഭരണവില നല്‍കുന്നുണ്ട്.  സര്‍വീസ് ബാങ്കുകളുടെ നിയമാവലിയില്‍ അംഗങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്താനും മെച്ചപ്പെട്ട വില ലഭ്യമാക്കാനും വിത്ത്, വളം, കീടനാശിനി എന്നിവ വാങ്ങി വില്‍പ്പന നടത്തുകയും പ്രധാന ഉദ്ദേശ്യങ്ങളാണ്. ജില്ലയില്‍ സംഭരിക്കുന്ന നെല്ല് പാഡികോവഴി സംസ്കരിച്ച് അരിയാക്കി സ്വന്തം ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുകയോ, സിവില്‍ സപ്ളൈസ് കോര്‍പറേഷന് നല്‍കുകയോ ചെയ്യാനും കഴിയും. പാഡികോയുടെ മില്ലില്‍  ദിവസം 120ടണ്‍ നെല്ല് അരിയാക്കാന്‍ സംവിധാനമുണ്ട്. പാഡികോയെ പ്രധാന ഏജന്‍സിയാക്കും. പ്രൈമറി സംഘങ്ങള്‍ നിയമിക്കുന്ന പാഡി ഇന്‍സ്പെക്ടര്‍ നെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കി കൊയ്ത്ത് കേന്ദ്രത്തില്‍നിന്നുതന്നെ സംഭരിക്കാനും കഴിയും. നെല്ല് അളന്നുനല്‍കിയാല്‍ പിആര്‍എസ് ബാങ്കുകളില്‍ എത്തുന്ന മുറയ്ക്ക് കര്‍ഷകന് പണം അക്കൌണ്ടിലും  എത്തും.  ക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ ആറുഘട്ടത്തിലും സംസ്ഥാനത്തുതന്നെ ഒന്നാമതായ ജില്ലാ സഹകരണബാങ്കിന് നെല്ല് സംഭരണവും സുഗമമായി ഏറ്റെടുക്കാന്‍ കഴിയുന്ന  ജീവനക്കാരുണ്ടെന്നും എം കെ ബാബു പറഞ്ഞു. ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍, ശിവസുന്ദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  Read on deshabhimani.com

Related News