ബിബിന്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍ തിരൂര്‍ > ആലത്തിയൂര്‍ ബിബിന്‍ വധക്കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത യുവാവാണ് അറസ്റ്റിലായത്. ഇതോടെ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലത്തിയൂര്‍ കുണ്ടില്‍ ബിബിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തില്‍ പങ്കെടുത്ത പ്രതി സംഭവത്തിന് ശേഷം ചെന്നൈയിലേക്ക് മുങ്ങുകയും തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ഒളിവില്‍കഴിയുകയായിരുന്നു. പ്രതി ഒളിവില്‍ താമസിക്കുന്ന വിവരമറിഞ്ഞ് അന്വേഷകസംഘം ചെന്നൈയിലെത്തിയെങ്കിലും പൊലീസിന്റെ സാന്നിധ്യം അറിഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്നും നാട്ടിലേക്ക് ബസില്‍ എത്തിയ പ്രതിയെ തിരൂര്‍ സിഐ എം കെ ഷാജി, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യംചെയ്തശേഷം സംഭവം നടന്ന ബിപി അങ്ങാടി പുളിഞ്ചോട് എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കേണ്ടതിനാല്‍ മുഖംമൂടി ധരിപ്പിച്ചാണ് സ്ഥലത്തെത്തിച്ചത്.  കൃത്യം നടത്തിയത് പൊലീസിന് വിശദീകരിച്ചുനല്‍കിയ പ്രതിയെ തിരൂര്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. Read on deshabhimani.com

Related News