പറപ്പൂരില്‍ ചാക്കിട്ടുപിടിത്തം പൊളിഞ്ഞു; നാണംകെട്ട് യുഡിഎഫ്



മലപ്പുറം വേങ്ങര പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കാനുള്ള നീക്കം പൊളിഞ്ഞതിലെ ജാള്യംമറയ്ക്കാൻ സിപിഐ എമ്മിനെതിരെ അപവാദപ്രചാരണവുമായി യുഡിഎഫ് രംഗത്ത്. വിമത കോൺഗ്രസ് അംഗങ്ങളെ തിരികെ എത്തിച്ചുവെന്ന് വീമ്പിളക്കി അവരുടെ ഒപ്പിട്ട പ്രസ്താവനയും മറ്റും ഡിസിസി നേതൃത്വം പ്രസിദ്ധീകരിച്ചിരുന്നു.  പ്രസിഡന്റ് സ്ഥാനാർഥിയെയും യുഡിഎഫ് പ്രഖ്യാപിച്ചു. ജനകീയ മുന്നണിയിൽനിന്ന് അടർത്തിയെടുത്തെന്ന് അവകാശപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ടി കെ അബ്ദുറഹീം പക്ഷേ തെരഞ്ഞെടുപ്പിന് എത്തിയില്ല. ഇതോടെ വെട്ടിലായ യുഡിഎഫ് നേതൃത്വം കള്ളക്കഥ മെനഞ്ഞ് വാർത്തയുണ്ടാക്കി നാണക്കേട് മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു.  ജനകീയ മുന്നണിയുമായുള്ള ബന്ധം വിഛേദിക്കാൻ പാർടി നിർദേശച്ചതിനെ തുടർന്നാണ് സിപിഐ എം ലോക്കൽ കമ്മിറ്റിയംഗംകൂടിയായ ബഷീർ കാലടി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഭരണസമിതിയിലെ ഏക സിപിഐ എം അംഗമായ ഇദ്ദേഹം വോട്ടെടുപ്പും ബഹിഷ്‌കരിച്ചു.  വിമത കോൺഗ്രസ് അംഗങ്ങളെ തിരികെ എത്തിക്കാനുള്ള ഡിസിസി﹣ലീഗ് നേതൃത്വത്തിന്റെ നീക്കങ്ങൾ അമ്പേ  പരാജയപ്പെട്ടതോടെ ജനകീയ മുന്നണി സ്ഥാനാർഥി പ്രസിഡന്റായി വിജയിച്ചു. ജനകീയ മുന്നണിയുമായി വ്യക്തമായ അകലംപാലിച്ച് ആദർശനിഷ‌്ഠ നിലപാടെടുത്ത സിപിഐ എം പുതുതായി അധികാരത്തിൽ വന്ന ഭരണസംവിധാനത്തോട് പാർടിക്ക് ഒരു ബന്ധവുമില്ലെന്ന് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ഥാനത്യാഗം നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ‌്കരിച്ച് നിലപാട് ഉറപ്പിക്കുകയുംചെയ്ത സിപിഐ എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ല എന്ന വിചിത്രവാദം തട്ടിവിട്ട് നാണംമറയ്ക്കാൻ വിഫലശ്രമം നടത്തുകയാണ് ലീഗ് നേതൃത്വവും കെപിസിസി സെക്രട്ടറിയും. ജനകീയ മുന്നണിയിൽനിന്ന് രാജിവച്ചതായി ഒപ്പിട്ട് നൽകിയെന്ന് യുഡിഎഫ് അവകാശപ്പെട്ട നാലുപേരുടെ കൂട്ടത്തിലുള്ള പറങ്ങോടത്ത് മുഹമ്മദ്കുട്ടിയാണ് യുഡിഎഫ് സ്ഥാനാർഥിയെത്തന്നെ പരാജയപ്പെടുത്തി പ്രസിഡന്റായത്. കോൺഗ്രസിൽ തിരികെ എത്തിയെന്ന് പ്രചരിപ്പിച്ച് ഇദ്ദേഹത്തിന്റേതടക്കം നാലുപേർ ഒപ്പിട്ട കുറിപ്പും പ്രസിദ്ധീകരിച്ച ലീഗ് പത്രം നാണക്കേട് ഇരട്ടിയാക്കി.  കോൺഗ്രസിൽ തിരികെ എത്തിയെന്ന് നേതൃത്വം അവകാശപ്പെട്ടയാൾ ജനകീയ മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായത് എങ്ങിനെയാണെന്നും യുഡിഎഫ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ച പ്രസിഡന്റ് സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മുങ്ങിയത് എങ്ങിനെയാണെന്നും യുഡിഎഫ് നേതൃത്വം പിരിശോധിക്കുന്നതാണ് മാന്യതയെന്ന്  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. സ്ഥാനത്യാഗം നടത്തുകയും ഏക അംഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയുംചെയ്തതിലൂടെ പാർടിയുടെ നിലപാട് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ യുഡിഎഫ് നേതൃത്വത്തെ കൂടുതൽ നാണക്കേടിലാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com

Related News