സമൂഹം ചലനാത്മകമാകണമെങ്കില്‍ ആശയസമരം വേണം: റഫീഖ് അഹമ്മദ്

പടിപ്പുര സ്റ്റേഡിയത്തില്‍ നടന്ന സാഹിത്യ സെമിനാര്‍ റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്യുന്നു


 പെരിന്തല്‍ണ്ണ > സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പടിപ്പുര സ്റ്റേഡിയത്തില്‍ നടന്ന സാഹിത്യ സെമിനാര്‍ റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്തു. പറയേണ്ടത് ഉറക്കെ പറയുക തന്നെ വേണം. സമൂഹം ചലനാത്മകമാകണമെങ്കില്‍ ആശയ സമരവും പ്രതിശബ്ദവും ഉയരുകതന്നെവേണം. എഴുത്തുകാര്‍ മനുഷ്യരുടെയും പ്രകൃതിയുടെയും പക്ഷത്താണ്. ഏകാധിപത്യവും സര്‍വാധിപത്യവും മതാധിപത്യവും എല്ലാകാലത്തും അക്ഷരങ്ങളെയും അറിവിനെയും തടയാന്‍ ശ്രമിച്ചിട്ടുണ്ട്. പുരോഗമന ആശയക്കാരായ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇത് സംഭവിച്ചു. എന്നാല്‍ അവര്‍ തെറ്റ് തിരുത്തി.  ജനാധിപത്യ പുരോഗമന ആശയക്കാര്‍ സ്വയം വിമര്‍ശിച്ച് നവീകരിക്കാന്‍ തയ്യാറാകുന്നു എന്നത് സ്വാഗതാര്‍ഹമാണ്. മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഒരുകാലത്തും പ്രയോജനമുണ്ടാക്കിയിട്ടില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആത്യന്തിക ഫലം ചോരയും കണ്ണീരും ദുഃഖവുമാണ്. ലോകത്തിന്റെ പ്രകൃതിയുടെ സമനില തെറ്റിക്കുന്ന ശക്തികള്‍ക്ക് ഭരണവും മുന്‍കൈയും എല്ലായിടത്തും ലഭിക്കുന്നതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ വലിയ പ്രതീക്ഷ പുതിയ നൂറ്റാണ്ടിലുണ്ടാകുമോ എന്നത് സംശയമാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. സി വാസുദേവന്‍ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കെ പി രമണന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിസമ്മേളനത്തില്‍ ശ്രീജിത്ത് അരിയല്ലൂര്‍, മണിലാല്‍ മുക്കൂട്ടുതറ, അജിത്രി, ഡോ. എസ് സഞ്ജയ്, പി എസ് വിജയകുമാര്‍, സി പി ബൈജു, അശോക് കുമാര്‍ പെരുവ, സുരേഷ് ചെമ്പത്ത്, അജിത് കൃഷ്ണ, സത്യന്‍ എരവിമംഗലം എന്നിവര്‍ കവിതകളവതരിപ്പിച്ചു. വിവിധ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് റഫീഖ് അഹമ്മദ് സമ്മാനം നല്‍കി. മാവൂര്‍ വിജയന്‍ കൊലച്ചോറും തലച്ചോറും ഏകപാത്ര നാടകം അവതരിപ്പിച്ചു. വേണു പാലൂര്‍ സ്വാഗതവും എന്‍ പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News