വിടപറഞ്ഞത് അനശ്വര കലാകാരൻ



വടകര ജീവിത ക്ലേശങ്ങളെ കലയുടെ കരുത്തിൽ തോൽപ്പിച്ച അനുഗൃഹീത കലാകാരനായിരുന്നു വിടപറഞ്ഞ മണിയൂർ കുറുന്തോടിയിലെ വി ടി കൃഷ്ണൻ. മലബാർ മേഖലയിൽ നാഗസ്വരത്തിൽ കച്ചേരി അവതരിപ്പിക്കുന്ന ആദ്യ കലാകാരൻ വി ടി കൃഷ്ണനായിരുന്നു.  നന്നേ ചെറുപ്പത്തിൽ സംഗീതം അഭ്യസിച്ച കൃഷ്ണൻ ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് തന്റെ സംഗീത മേഖലയിൽ പേരെടുത്തത്.  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളുരുത്തി പപ്പനാശാന്റെ കീഴിൽ വർഷങ്ങളോളം നാഗസ്വരം  ഗുരുകുല സമ്പ്രദായത്തിൽ അഭ്യസിച്ചു. നാഗസ്വരത്തിനൊപ്പം വായ്പാട്ടും ശാസ്ത്രീയമായി അഭ്യസിച്ചു. ഇരുപത്തിരണ്ടാം വയസ്സു മുതൽ കേരളത്തിനകത്തും പുറത്തും സംഗീത കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.  തിരുനെല്ലി ക്ഷേത്രത്തിലെ ആദ്യകാല ആസ്ഥാന നാഗസ്വര വാദകനായിരുന്നു ഇദ്ദേഹം. നിരവധി ശിഷ്യസമ്പത്തുള്ള ഈ കലാകാരൻ സംഗീതത്തോട് ആത്മസമർപ്പിത മനോഭാവം  പുലർത്തി.  മാഹി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലും നാഗസ്വരവാദകനായിരുന്നു.  മൈസൂർ രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിൽ പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി. സംഗീതത്തിനായി ജീവിതം സമർപ്പിക്കുകയും  നിസ്തുലമായ സംഭാവനകൾ നൽകി ഈ മേഖലയെ പരിപോഷിപ്പിക്കുകയും ചെയ്ത ഇദ്ദേഹം നിരവധി സംഗീത സ്നേഹികളുടെയും  കൂട്ടായ്മകളുടെയും സ്നേഹാദരം ഏറ്റുവാങ്ങി. സുഷിരവാദ്യ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി വടകര മ്യുസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ  കഴിഞ്ഞ വർഷം പ്രശസ്തിപത്രവും ഫലകവും നൽകി  ഇദ്ദേഹത്തെ ആദരിച്ചിരുന്നു. Read on deshabhimani.com

Related News