പഞ്ചഭൂതങ്ങള്‍ക്ക് ജാതിയില്ല മതമില്ല: കടമ്മനിട്ട വാസുദേവന്‍പിള്ള

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം പബ്ളിക് ലൈബ്രറി ഹാളില്‍ നടന്ന ചിത്ര-വീഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള പ്രദര്‍ശനം കാണുന്നു


    കോട്ടയം > വായു, ജലം തുടങ്ങിയ പഞ്ചഭൂതങ്ങള്‍ക്ക് ജാതിയോ മതമോ ഇല്ലെന്നും അവയെ മലിനീകരിക്കുന്ന നമ്മള്‍ മനുഷ്യരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്നും കവിയും പ്രഭാഷകനുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള പറഞ്ഞു. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിത സാക്ഷരതാ കൂട്ടായ്മയ്ക്ക് മുന്നോടിയായി പബ്ളിക് ലൈബ്രറി ഹാളില്‍ നടന്ന ചിത്ര-വീഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫാ. ഡോ. കെ എം ജോര്‍ജ് അധ്യക്ഷനായി. ഡോ. ജേക്കബ് ജോര്‍ജ് സ്വാഗതവും ഏബ്രഹാം കുര്യന്‍ നന്ദിയും പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം താലൂക്കിലെ വിവിധ തോടുകളും മറ്റ് ജലസ്രോതസ്സുകളും ജനകീയ കൂട്ടായ്മ ശുദ്ധീകരിക്കുന്നതിന്റെ ചിത്ര-വീഡിയോ പ്രദര്‍ശനമാണ് തുടര്‍ന്ന് ഹാളില്‍ നടന്നത്. വിവിധ മാധ്യമങ്ങളില്‍ വന്ന സചിത്രറിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും പ്രദര്‍ശിപ്പിച്ചു.  നദീപുനര്‍സംയോജനം എന്ത്? എങ്ങനെ? എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷനായി. നാസര്‍ ചാത്തങ്കോട്ടുമാലി സ്വാഗതവും ജോര്‍ജ് തറപ്പേല്‍ നന്ദിയും പറഞ്ഞു.  ശനിയാഴ്ച രാവിലെ പ്രദര്‍ശനം തുടരും. 10ന് മാലിന്യ സംസ്കരണം-വിവിധ മാതൃകകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. എന്‍എസ്എസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ നദീ സംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷനാകും. ഉച്ചകഴിഞ്ഞ് 2.30ന് ഹരിത സാക്ഷരതാ കൂട്ടായ്മ ഉദ്ഘാടനം ജസ്റ്റിസ് കെ ടി തോമസ് നിര്‍വ്വഹിക്കും. കലക്ടര്‍ ഡോ. ബി എസ് തിരുമേനി അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തും.       Read on deshabhimani.com

Related News