വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് കര്‍ഷകമാര്‍ച്ച് വൈക്കം > അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരുടെ രക്ഷയ്ക്കായി നിര്‍മിച്ച വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് പ്രദേശത്തെ പാടശേഖരങ്ങളില്‍നിന്ന് നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മില്ലിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറ് കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സമരം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.  വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് വിറ്റഴിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഈര്‍പ്പത്തിന്റെ പേരില്‍ മില്ല് ഉടമകള്‍ അന്യായമായ കിഴിവാണ് ചോദിക്കുന്നത്. സ്വര്‍ണം പണയംവച്ചും ബാങ്കില്‍നിന്ന് വായ്പയെടുത്തും കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. നെല്ല് സംഭരണത്തിന്റെ അപാകം പരിഹരിക്കുക, ആയിരം നെല്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന കടുംപിടിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ ഗണേശന്‍, ഏരിയ സെക്രട്ടറി കെ അരുണന്‍, പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, ഇടത്തില്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി ടി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് കെ കുഞ്ഞപ്പന്‍ സ്വാഗതവും സിപിഐ എം വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എന്‍ സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. കെ ബി പുഷ്ക്കരന്‍, കെ വി സുഗുതന്‍, കെ രാധാകൃഷ്ണന്‍നായര്‍, അഡ്വ. കെ കെ രഞ്ജിത്ത്, കെ എം രാജേന്ദ്രന്‍, അഡ്വ. ജോസഫ് ചാണ്ടി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.        Read on deshabhimani.com

Related News