വിവേകാനന്ദന്‍ അഭിമാനത്തോടെ പറഞ്ഞ ഭാരതമല്ല ഇന്നുള്ളത്: സ്വാമി സന്ദീപാനന്ദഗിരി ഒ എന്‍ വി നഗര്‍(തിരുനക്കര മൈതാനം) കോട്ടയം > ഞാന്‍ ഭാരതീയനാണെന്ന് സ്വാമി വിവേകാനന്ദന്‍ അഭിമാനത്തോടെ പറഞ്ഞ ഭാരതമല്ല ഇന്നുള്ളതെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. വര്‍ഗീയതയും, മതഭ്രാന്തും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്നു. എല്ലാവരുടെയും അവകാശ സമരപോരട്ടങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയിരുന്നത്. ഇതേ പ്രവര്‍ത്തനമാണ് സ്വാമി വിവേകാനന്ദനും നടത്തി വന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്വാമി നല്ലൊരു സഖാവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധസെമിനാറില്‍ സംസാരിക്കുകയായിരുന്നു.  നമസ്കരിച്ചിട്ട് ആളെ കൊല്ലുന്നവര്‍ പണ്ടേ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. മഹാത്മാഗാന്ധിയെ കൊന്നതും അങ്ങനെ തന്നെ. നമ്മുടെ നാട്ടിലെ എഴുത്തുകാരെയും, ചരിത്രക്കാരെയും കത്തിമുനയ്ക്ക് ഇരയാക്കിയതും ഇതേ രീതിയിലാണ്. ഗാന്ധിജി ജീവിച്ചിരുന്നാല്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു ഇന്ത്യ ഉണ്ടാകില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതാണ് ഗാന്ധിജിയെ കൊല്ലാനുള്ള കാരണം. ചരിത്രങ്ങളെ വളരെ ആസൂത്രിതമായി വളച്ചൊടിക്കുകയാണ്.  സ്വാമിവിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തില്‍ ആദ്യദിനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് അതേപടി സംഭവിക്കുന്നു. വേദമെന്നത് അറിവാണ്. എന്നാല്‍ ആ അറിവിനെ വര്‍ഗീയമായി ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് രാജ്യത്തെ ഫാസിസത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.   ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒറ്റമനസ്സോടെ പോരാടണം:  ഇമാം താഹ മൌലവി ഒ എന്‍ വി നഗര്‍(തിരുനക്കര മൈതാനം) കോട്ടയം > ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒറ്റമനസോടെ പൊരുതാന്‍ കഴിഞ്ഞാല്‍ നമുക്ക് രാജ്യത്ത് സമാധാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തിരുനക്കര പുത്തന്‍പള്ളി ഇമാം താഹമൌലവി പറഞ്ഞു. ഇന്ത്യയുടെ ചരിത്രങ്ങളെ വളച്ചൊടിച്ച് വര്‍ഗീയത ചാര്‍ത്തി നന്മകളെ ഇല്ലാതാക്കുകയാണ്.  എല്ലാ മതങ്ങളും സാമാധനം പഠിപ്പിക്കുമ്പോള്‍ ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്. ആരാധനയുടെ പേരില്‍, ആഹാരത്തിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍ എല്ലാം ഇവര്‍ വര്‍ഗീയത കടത്തിവിടുന്നു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒരുമിച്ചു പൊരുതേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.    Read on deshabhimani.com

Related News