ദേശീയ പക്ഷി മൃഗ പ്രദര്‍ശനത്തിന് വര്‍ണാഭമായ തുടക്കം



* കൊല്ലം >  ദേശീയ പക്ഷിമൃഗ പ്രദര്‍ശനത്തിന്  വര്‍ണാഭമായ തുടക്കം. കൊല്ലം ആശ്രാമം മൈതാനത്തെ വിശാലമായ പവലിയനില്‍ കുഞ്ഞാട് മുതല്‍ ഗിര്‍വനങ്ങളുടെ പെരുമ നിറഞ്ഞ 'ഗിര്‍' ഇനം  പശുക്കള്‍, ജാവക്കുരുവികള്‍, കൊക്കറ്റീലുകള്‍, ലോറികള്‍ തുടങ്ങിയ പക്ഷികള്‍ ഉള്‍പ്പെടെ  വൈവിധ്യമേറിയ ജീവജാലങ്ങളുടെ  വിപുലമായ ശേഖരമുള്‍പ്പെടുന്ന മേളക്കാണ് വെള്ളിയാഴ്ച   തിരതെളിഞ്ഞത്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ  നാടന്‍ പശുക്കള്‍  കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന മൃഗങ്ങളും പക്ഷികളും  മേളയെ ശ്രദ്ധേയമാക്കുന്നു. പ്രദര്‍ശന നഗരിയില്‍ പ്രാവുകളും മുയലുകളും കുഞ്ഞുപക്ഷികളും കുതിരകളും അരുമ മൃഗങ്ങളുമൊക്കെ ഇടംപിടിച്ചുകഴിഞ്ഞു.    മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മന്ത്രി കെ രാജു അധ്യക്ഷനായി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, മേയര്‍ വി രാജേന്ദ്രബാബു, കെ സോമപ്രസാദ് എംപി, എംഎല്‍എമാരായ എം മുകേഷ്, എം നൌഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, മുന്‍ എംപി കെ എന്‍ ബാലഗോപാല്‍, ഡപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ്, നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍ ജനറല്‍ കൌണ്‍സില്‍ മെമ്പര്‍ രാധാകൃഷ്ണമേനോന്‍, കൌണ്‍സിലര്‍ പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മൃഗ സംരക്ഷണ ക്ഷീര വികസന സെക്രട്ടറി എക്സ് അനില്‍ സ്വാഗതവും ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി നന്ദിയും പറഞ്ഞു.    ദേശീയ മേളക്ക് ഇത് രണ്ടാം തവണയാണ്  ദേശിങനാട്   ആതിഥേയത്വം വഹിക്കുന്നത്്. രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെയും  സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയുമായി 350 ഓളം സ്റ്റാളുകളാണ് എക്സ്പോയില്‍ അണിനിരത്തിയിട്ടുള്ളത്്.  സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പലഹാരങ്ങള്‍ അച്ചാറുകള്‍ എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്്. വയനാട്, അച്ചന്‍കോവില്‍ ഉള്‍പ്പെടെ ആദിവാസി ഊരുകളില്‍നിന്നുള്ള വിഭവങ്ങളും യഥേഷ്ടം വാങ്ങാം. മേള 13നു സമാപിക്കും.          Read on deshabhimani.com

Related News