ആര്‍പിഎഫ് ഓഫീസ് പ്രവര്‍ത്തനം വീര്‍പ്പുമുട്ടുന്നു



  പുനലൂര്‍ > അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലാതെ പുനലൂരില്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (ആര്‍ പി എഫ്) ഓഫീസ് പ്രവര്‍ത്തനം വീര്‍പ്പുമുട്ടുന്നു.  റയില്‍വേ സ്റ്റേഷന്‍ നിര്‍മാണ ഘട്ടത്തില്‍ സിമന്റ് ഗോഡൌണായി ഉപയോഗിച്ച ഷെഡാണ് ഇപ്പോള്‍ ആര്‍പിഎഫിന്റെ ഔട്ട് പോസ്റ്റാക്കിയിരിക്കുന്നത്.  2003 മുതല്‍ ഈ കുടുസു കെട്ടിടമാണ് ഓഫീസ്. മഴ പെയ്താല്‍ കെട്ടിടം ചോര്‍ന്നൊലിക്കും. അടുത്തിടെ മേല്‍ക്കൂര മാറ്റി തകരഷീറ്റിട്ടു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ല. ഓഫീസ് ചോരുന്നതിനാല്‍ കമ്പ്യൂട്ടറും ഓഫീസ് ഫയലുകളുമൊക്കെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുന്നു. തിരുനെല്‍വേലി സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയിലാണ് പുനലൂരിലെ ആര്‍പിഎഫ് ഔട്ട് പോസ്റ്റ്. ഇടമണ്‍ മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള റയില്‍വേ സ്റ്റേഷന്‍ പരിധിയാണ് ഔട്ട് പോസ്റ്റിനുള്ളത്.  സബ് ഇന്‍സ്പെക്ടര്‍ തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നിയമിച്ചിട്ടില്ല. രണ്ട് വനിതകള്‍ ഉള്‍പ്പടെ 10 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് തങ്ങാന്‍ കോട്ടേഴ്സുകളില്ല. ഔട്ട് പോസ്റ്റില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം മാറാനും വിശ്രമിക്കാനും പ്രത്യേക മുറിയില്ല. ടോയിലറ്റും ഒന്നു മാത്രം. പ്രതികളെ സൂക്ഷിക്കാന്‍ ലോക്കപ്പ് സൌകര്യമില്ല. രാത്രിയില്‍ കേസില്‍ പെട്ട് പിടിയിലാകുന്ന പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഓഫീസ് മുറിയില്‍ നേരം പുലരും വരെ ആര്‍പിഎഫുകാര്‍ കാവല്‍ ഇരിക്കേണ്ടി വരുന്നു.  ഔട്ട് പോസ്റ്റിന് വാഹന സൌകര്യമില്ല. നിലവില്‍ ഔട്ട് പോസ്റ്റ് കെട്ടിടം നില്‍ക്കുന്നതിനോട് ചേര്‍ന്ന് അര ഏക്കറോളം സ്ഥലമുണ്ട്. ഇവിടെ ആര്‍പിഎഫ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാനാകും.  തൊണ്ടിമുതല്‍ സൂക്ഷിക്കാനും ഇപ്പോള്‍ ഇടമില്ല. മുന്‍പ്  സതേണ്‍ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പുതിയ മന്ദിരത്തിന് സ്ഥല നിര്‍ണയം നടത്തിയിരുന്നു. ഡിആര്‍ എം മാറിയതോടെ ആര്‍പിഎഫ് ഓഫീസ് നിര്‍മ്മാണ പദ്ധതിക്കും കടലാസിലുറങ്ങുകയാണ്.ജനുവരി മുതല്‍ ഇടമണിലൂടെ ചെങ്കോട്ടയിലേക്ക് ട്രയിന്‍ ഓടിത്തുടങ്ങും. കൊല്ലത്ത് നിന്ന് ട്രയിന്‍ സര്‍വ്വീസുകളും കൂടും.അതോടെ ആര്‍പിഎഫ്കാരുടെ ഡ്യൂട്ടിയും വര്‍ധിക്കും.   ഔട്ട് പോസ്റ്റിന് പുതിയ മന്ദിര നിര്‍മ്മാണത്തിന് എംപി യും ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.           Read on deshabhimani.com

Related News