തണൽവീട‌് ഒരുങ്ങുംമുമ്പേ ഷാനവാസ് യാത്രയായി

ഷാനവാസിന്റെ വീടിന്റെ തറകല്ലിടൽ കാഷ്യുകോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിക്കുന്നു (ഫയൽചിത്രം)


അഞ്ചൽ  സിപിഐ എം നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകുന്നതിനുള്ള പ്രവൃത്തികൾ നടക്കുമ്പോഴാണ‌് ഷാനവാസ‌് യാത്രയായത‌്.  ഏറം ചരുവിള വീട്ടിൽ ബഷീറിന്റെയും സൈനബാബീവിയുടെയും മകൻ ഷാനവാസ‌് 30 വർഷമായി തളർന്നു കിടക്കുകയാണ‌്.   വാസയോഗ്യമായ വീട്  നിർമിക്കുന്നതിനായി  അടിസ്ഥാനം  പൂർത്തിയാക്കി. ഷാനവാസ്  താമസിച്ചിരുന്ന വീട്  മേൽക്കൂര ഒടിഞ്ഞ് ഏതു നിമഷവും വീഴുന്ന അവസ്ഥയിലായിരുന്നു. ഏറം ഗവൺമെന്റ് എൽപി സ‌്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അവസരത്തിലാണ് സ‌്കൂൾവിട്ട് വരുന്ന വഴി ഷാനവാസ് വഴിയിൽ തളർന്നുവീണത്. അതിനുശേഷം പരസഹായം ഇല്ലാതെ നിവർന്നിരിക്കാൻ പോലും ആകാത്ത അവസ്ഥയിലെത്തി. വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. ഷാനവാസിന്റെ ചികിത്സയ‌്ക്കും സഹോദരിമാരുടെ വിവാഹത്തിനുമായി ഭൂമി പണയപ്പെടുത്തിയ  കുടുംബത്തിന് വീട‌് ഒരു സ്വപ‌്നമായിരുന്നു. പഞ്ചായത്തിലും മറ്റും  അപേക്ഷ     നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിച്ചില്ല. ഉദാരമതികളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നതിന‌്  സിപിഐ എം നേതൃത്വത്തിൽ സംഘാടക  സമിതി രൂപീകരിച്ചു. ഷാനവാസിന് സ്നേഹക്കൂട് ഒരുക്കാൻ  സഹായസമിതിയിൽ ഇതിനോടകം നിരവധിപേർ സഹായം നൽകി. ശനിയാഴ്ച പകൽ ഒന്നിനാണ‌്  ഷാനവാസ് മരിച്ചത്.  ഷാനവാസിന്റെ സ്വപ്നം സാക്ഷാൽക്കരിച്ച‌് സ്നേഹത്തണൽ  ഉടൻ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സഹായ സമിതി. Read on deshabhimani.com

Related News