ഒറ്റയാൻ പ്രതിഷേധം; മഴമരം മുറിച്ചുമാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു

പ്രതിഷേധത്തെ തുടർന്ന്‌ ടൗൺ യുപിഎസിനു മുന്നിലെ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ മാത്രം മുറിച്ചു മാറ്റുന്നു


കൊല്ലം കൊല്ലം നഗരത്തിലെ തണൽമരം മുറിക്കാനുള്ള നാഷണൽ ഹൈവേ വിഭാഗത്തിന്റെ ശ്രമം മാധ്യമ പ്രവർത്തകന്റെ ഒറ്റയാൻ പ്രതിഷേധത്തിൽ നടന്നില്ല. കലക്ടറേറ്റിന് സമീപം കൊല്ലം യുപി സ്കൂളിന് മുന്നിൽ ദേശീയപാതയോരത്ത‌് നിൽക്കുന്ന മഴമരമാണ് ശനിയാഴ്ച രാവിലെ മുറിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ എത്തിയത്. ശിഖിരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ ദേശാഭിമാനി കൊല്ലം ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ആർ സഞ്ജീവ് സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കൊല്ലം വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സഞ്ജീവും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന് ഉണങ്ങിയ ശിഖിരങ്ങൾ മുറിച്ചുമാറ്റുകയും തണൽമരം പൂർണമായും വെട്ടിമാറ്റാനുള്ള ശ്രമം നാഷണൽ ഹൈവേ വിഭാഗം ഉപേക്ഷിക്കുകയും ചെയ്തു.അസൈൻമെന്റിന്റെ ഭാഗമായാണ് സഞ്ജീവ് സ്ഥലത്തെത്തിയത്. കുട്ടികൾക്കും യാത്രക്കാർക്കും ഒരുപോലെ തണലേകുന്നതാണ് മഴമരം. എന്നാൽ ഏറെ കാലപ്പഴക്കമുള്ള മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാൻ ഡിസാസ്റ്റർ മാനേജ്മെന്റ് നേരത്തെ തീരുമാനിച്ചതാണെന്നും കനത്ത മഴമൂലം മാറ്റിവക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. കുട്ടികൾക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റാൻ കൊല്ലം യുപി സ്കൂൾ പരാതി നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നാഷണൽ ഹൈവേ വിഭാഗം എ ക്സിക്യൂട്ടീവ് എൻജിനിയർ സിനി പറഞ്ഞു. എന്നാൽ മരം മുറിച്ചുമാറ്റാൻ പരാതി നൽകിയിട്ടില്ലെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അജയകുമാർ ചൂണ്ടിക്കാട്ടി. സ്കൂൾ കോമ്പൗണ്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന ശിഖിരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ആർഡിഒക്ക് പരാതി നൽകിയിരുന്നു. സ്കൂളിനോട് ചേർന്നുള്ള ടെസ്റ്റ് ബുക്ക് കെട്ടിട കോമ്പൗണ്ടിലുള്ള മരത്തിന്റെ ശിഖിരങ്ങൾ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാണിച്ചും പരാതി നൽകിയിരുന്നതായി ഹെഡ്മാസ്റ്റർ പറഞ്ഞു. അതിനിടെ പ്രളയത്തിന്റെ പേരുപറഞ്ഞ്  കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം  നഗരത്തിൽ തണലേകി നിന്നിരുന്ന മരങ്ങളെല്ലാം  വെട്ടിമാറ്റുകയാണ്. നഗരത്തിൽ ക്യൂഎസി റോഡിൽ തണലേകി നിന്നിരുന്ന മരങ്ങൾ അടുത്തിടെ മുറിച്ചുമാറ്റിയതിലും പ്രതിഷേധമുയർന്നു. അതിനിടെ കലക്ടറേറ്റിനു സമീപം കൂറ്റൻ തണൽമരം മുറിച്ചുമാറ്റുന്നത് ട്രീ അതോറിറ്റി ചെയർമാൻ കൂടിയായ മേയർ വി രാജേന്ദ്രബാബു അറിഞ്ഞില്ലെന്നാണ‌് സൂചന. Read on deshabhimani.com

Related News