ജില്ലയില്‍ പ്രതിദിനം 5, 28,000 ലോട്ടറി വില്‍പ്പന  കൊല്ലം > ലോട്ടറി വെറും ഭാഗ്യദേവത മാത്രമല്ല, മറിച്ച് നൂറുകണക്കിനാളുകളുടെ ജീവിതമാര്‍ഗമാണ്. ലോട്ടറി കച്ചവടത്തിന് സ്വീകാര്യത കൂടിയതോടെ പുതുതായി ഏജന്‍സിയെടുക്കാന്‍ ജില്ലാ ലോട്ടറി ഓഫീസില്‍ എത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുന്നു. ജില്ലാ ഓഫീസില്‍ നിന്നും ദിവസേന വില്‍പ്പനയ്ക്കായി നല്‍കുന്ന ലോട്ടറിയുടെ എണ്ണം 5,28000 ആണ്. പഴയതും പുതിയതുമായി ആറായിരത്തോളം ഏജന്‍സികളാണ് ജില്ലയിലുള്ളത്. ഇതില്‍ പഴയ ഏജന്‍സികള്‍ പലതും രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. കൂടാതെ ജില്ലയില്‍ ലീഡിങ് ഏജന്റുമാരുമുണ്ട്.  ലോട്ടറിയുടെ വില സംസ്ഥാന സര്‍ക്കാര്‍ ഏകീകരിച്ച് 30 രൂപയായി നിശ്ചയിച്ചതോടെയാണ് വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. ഏജന്‍സികളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലധികമാണ് ലോട്ടറി വില്‍പ്പനക്കാരുടെ എണ്ണവും. അശരണരും അസുഖം ബാധിച്ചവരും വയോധികരും ഉറ്റവര്‍ തഴഞ്ഞവരും വലിയതോതില്‍ ഇന്ന് ലോട്ടറി വില്‍പ്പനക്കാരാണ്. ഈ രംഗത്തേക്ക് യുവാക്കളും സ്ത്രീകളും ധാരാളമായി കടന്നുവന്നു. മുറുക്കാന്‍ കട, ബേക്കറി, ചായക്കട, പലചരക്കുകട, ഹോട്ടലുകള്‍ തുടങ്ങി മിക്ക വ്യാപാര സ്ഥാപനങ്ങളിലും ലോട്ടറി കച്ചവടം മറ്റൊരു വരുമാനമാര്‍ഗമായിട്ടുണ്ട്. ലോട്ടറി വകുപ്പ് ഒരാഴ്ചയില്‍ ഏഴ് ലോട്ടറികളാണ് പുറത്തിറക്കുന്നത്. തിങ്കളാഴ്ച വിന്‍വിന്‍, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച അക്ഷയ, വ്യാഴാഴ്ച കാരുണ്യ പ്ളസ്, വെള്ളിയാഴ്ച നിര്‍മല്‍, ശനിയാഴ്ച കാരുണ്യ, ഞായറാഴ്ച പൌര്‍ണമി ലോട്ടറിയും ലഭ്യമാണ്. ഇതുകൂടാതെ മാസത്തില്‍ ഒരു ബംബറുമുണ്ട്. വിലയില്‍ 26 ശതമാനം കുറച്ചാണ് ഏജന്‍സികള്‍ക്ക് ലോട്ടറി വില്‍പ്പന.  കൂടാതെ സമ്മാനത്തുകയുടെ പത്ത് ശതമാനവും ഏജന്‍സിക്ക് ലഭിക്കും. 30 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ ഏജന്‍സിക്ക് ഏഴ് രൂപ കിട്ടും. ഒരു ബുക്കില്‍ 25 ലോട്ടറിയുണ്ടാകും. ഒരു ബുക്ക് വിറ്റാല്‍ 161 രൂപ ഏജന്‍സിക്കാണ്. ഏജന്‍സിയില്‍ നിന്നും ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്നവര്‍ക്കും ആനുപാതികമായി കമീഷന്‍ ലഭിക്കുന്നു. അതിനിടെ ജില്ലയില്‍ ലോട്ടറി കച്ചവടം കൂടിയെങ്കിലും ജില്ലാ ലോട്ടറി ഓഫീസില്‍ സൌകര്യങ്ങള്‍ വേണ്ടത്രയില്ല. ആവശ്യത്തിന് ജീവനകാരില്ല, കംപ്യൂട്ടറില്ല, പ്രിന്റര്‍ ഇല്ല ഇങ്ങനെ നീളുന്നു ആവലാതികള്‍. ബുധനാഴ്ചയാണ് പുതിയ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുന്ന ദിവസം. കൂടാതെ നിത്യവും നിരവധി ഏജന്റുമാര്‍ ടിക്കറ്റിനായും എത്തുന്നു. ഇത്രയും ആളുകളുടെ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ കുറവ് ഓഫീസിനെ വീര്‍പ്പുമുട്ടിക്കുന്നു.     Read on deshabhimani.com

Related News