പ്രചാരണം പൂര്‍ത്തിയായി ചുവപ്പണിഞ്ഞ് കൊല്ലം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ദീപാലങ്കാരത്താല്‍ ചുവപ്പണിഞ്ഞ ചിന്നക്കട ഓവര്‍ ബ്രിഡ്ജ്


 കൊല്ലം > ചിന്നക്കട ഓവര്‍ ബ്രിഡ്ജിലൂടെ രാത്രി സഞ്ചരിക്കുമ്പോള്‍ ചുറ്റിലും ആയിരം ചെന്താരകങ്ങള്‍ നിറഞ്ഞു കത്തുന്ന പ്രതീതി. സമ്മേളനത്തിന്റെ ഭാഗമായി ചുവപ്പ് എല്‍ഇഡി ബള്‍ബുകളാലും കൊടിതോരണങ്ങളാലും അലങ്കരിച്ച പാത വിളിച്ചു പറയുന്നു 'സിപിഐ എം ജില്ലാ സമ്മേളനത്തിന് കൊല്ലം ഒരുങ്ങി'.   പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ മുന്നോട്ടു പോവുകയാണ്. ഇതില്‍ സിപിഐ എം നവമാധ്യമ കൂട്ടായ്മ  'ചെന്താരകങ്ങളേ സാക്ഷി' എന്നപേരില്‍ പുറത്തിറക്കിയ ഒരു വീഡിയോയുമുണ്ട്. കൊല്ലത്തെ പാര്‍ടി ചരിത്രം ആലേഖനം ചെയ്യുകയാണ് ചെന്താരകങ്ങളെ സാക്ഷി.  25 രക്തസാക്ഷികളുടെ ജീവചരിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍, സിഐടിയു തുടങ്ങിയവയും ദിവസങ്ങളായി പ്രചാരണ രംഗത്തുണ്ട്. റോഡരികിലും കവലകളിലുമെല്ലാം കൊടിതോരണങ്ങള്‍. ബോര്‍ഡുകളും, പോസ്റ്ററുകളും, ചുവരെഴുത്തുകളും. അക്ഷരാര്‍ഥത്തില്‍ കൊല്ലം ചുവന്നു . ഗ്രീന്‍പോട്ടോക്കോള്‍ പാലിക്കുന്നതിന്റെ  ഭാഗമായി  ഫ്ളക്സ് ഒഴിവാക്കി. ചുവരെഴുത്തും തുണി കൊണ്ടുള്ള ബാനറും പ്രചാരണത്തിന് ഉപയോഗിച്ചു. ചിന്നക്കട  ബസ്ബേയില്‍ തൊഴിലാളി സ്ക്വയര്‍, കോര്‍പറേഷനുമുന്നില്‍   എന്‍ ശ്രീധരന്റെ ഓര്‍മകളുണര്‍ത്തി എന്‍ എസ് സ്ക്വയര്‍, താലൂക്ക് കച്ചേരി ജങ്ഷനില്‍ ഫിദല്‍കാസ്ട്രോ സ്ക്വയര്‍ എന്നിവയും ഒരുക്കി.  പ്രധാനകേന്ദ്രങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും സ്തൂപങ്ങളും സ്ഥാപിച്ചു.  ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പട്ടിണിയും വര്‍ഗീയതയും ആധാരമാക്കി ചിന്നക്കട റസ്റ്റ്ഹൌസില്‍ ഛായാചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഏഴുവരെ പ്രദര്‍ശനം തുടരുമെന്ന് പബ്ളിസിറ്റികമ്മിറ്റി  കണ്‍വീനര്‍ എ കെ സവാദ് പറഞ്ഞു. ആര്‍എസ്എസിന്റെ രക്തതാണ്ഡവം വിളിച്ചോതുകയാണ് പ്രദര്‍ശനം. യുവജന വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച കലാ ജാഥയില്‍ ഫ്ളാഷ് മോബും നാടന്‍പാട്ടുകളും അരങ്ങേറി.  നഗരത്തിലും  ഗ്രാമങ്ങളിലും  സമ്മേളനത്തിന്റെ ആവേശം ചോരാതെ നില്‍ക്കുന്നു. ജില്ലയിലെ 18 ഏരിയ കമ്മറ്റികളിലും സെമിനാര്‍ ഉള്‍പ്പെടെ അനുബന്ധപരിപാടികള്‍ നടത്തി.   കയര്‍, കശുവണ്ടി മത്സ്യ മേഖലകളിലും പ്രചാരണ പ്രവര്‍ത്തനം ശക്തമാണ്.        Read on deshabhimani.com

Related News