ഉയരുന്നൂ നാടിന്‍ പെരുമ



കൊല്ലം > ചടയമംഗലത്തെ ഭീമന്‍പാറ ഇതിനകം ലോകം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ പ്രകൃതിയുടെ പ്രതിഭാസമാണ്. വിനോദ സഞ്ചാര ഭൂപടത്തിന്റെ നെറുകയില്‍ ചടയമംഗലത്തെ അടയാളപ്പെടുത്തുന്ന ജഡായു ശില്‍പ്പം വികസനകാഴ്ചപ്പാടിന് ലോക മാത്യകയായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹായത്താല്‍ നാടിന് സമര്‍പ്പിക്കുന്നത് മാത്രമാണ് ഇനി പുതിയ വാര്‍ത്ത. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും ദക്ഷിണേന്ത്യയിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അഡ്വഞ്ചര്‍ പാര്‍ക്കും ചടയമംഗലത്തിന്റെ പേരും പെരുമയും കടല്‍ കടന്ന് ലോകമാകെ പരക്കും. കണ്ണിനും കാതിനും കുളിര്‍മയേകുന്ന വിരുന്നൊരുക്കി ജഡായു ശില്‍പ്പത്തിന്റെ കവാടം സഞ്ചാരികള്‍ക്കായി ഔദ്യോഗികമായി വൈകാതെ തുറക്കപ്പെടും. മാര്‍ച്ച് അവസാനം ട്രയല്‍ നടക്കും.തുടര്‍ന്ന് ഉദ്ഘാടനം.   മലനാടിന്റെ ഏറ്റവും വലിയ ടൂറിസം പദ്ധതി (ജഡായു എര്‍ത്ത് സെന്റര്‍) ആണിത്. നാടിന്റെ പുത്തന്‍ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുവച്ച ഈ പദ്ധതി യാഥാര്‍ഥ്യമായത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിയോടെ. ഇവിടെ പാറയും അനുബന്ധ ഭൂമിയും 65 ഏക്കറാണ്. ഈ സ്ഥലം റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയതാണ്. ഇവിടെ ജഡായു ശില്‍പ്പ നിര്‍മാണത്തിനും അനുബന്ധ ടൂറിസത്തിനും ആവശ്യമായ സ്ഥലം 30 വര്‍ഷത്തേക്ക്  ഗുരുചന്ദ്രിക എന്ന കമ്പനിക്ക് സര്‍ക്കാര്‍ പാട്ടത്തിന് വിട്ടുനല്‍കി. ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ആണ് പ്രമോട്ടര്‍. ഇവിടേക്ക് റോഡും വൈദ്യുതിയും എത്തിച്ചത് വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ്. ടൂറിസം സൌകര്യം ഒരുക്കുന്നത് കമ്പനി ചെലവിലും. ബിഒടി (ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) വ്യവസ്ഥയിലാണ് ഇവിടെ ടൂറിസം പദ്ധതി വന്നുചേര്‍ന്നത്. വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രതിവര്‍ഷം സര്‍ക്കാരിലേക്കും നല്‍കണം.  രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ജഡായു പാറയുടെ സ്ഥാനം. സീതാദേവിയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ രാവണനെ തടഞ്ഞ ജഡായു എന്ന പക്ഷിരാജന്‍ ചിറകറ്റുവീണ പാറയാണിതെന്നാണ് സങ്കല്‍പ്പം. ഐതീഹ്യത്തില്‍ ജഡായുമംഗലം എന്നറിയപ്പെട്ട ഈ മലനാട് കാലാന്തരത്തില്‍ ചടയമംഗലം എന്നായി മാറി. ആയിരം അടി ഉയരത്തിലാണ് പാറ. ഇവിടെ 250 അടി ഉയരത്തിലാണ് ജഡായു ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. നാല് വലിയ പാറക്കെട്ടുകളുടെ കൂട്ടായ്മ തീര്‍ത്താണ് ടുറിസം പദ്ധതി . അതില്‍ ഒന്നിലാണ് ജഡായു ശില്‍പ്പം ഒരുക്കിയതെന്ന് ശില്‍പ്പി രാജീവ് അഞ്ചല്‍ പറഞ്ഞു.  രണ്ടാമത്തെ പാറയുമായി ബന്ധിപ്പിച്ചാണ് അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. മൂന്നാമത്തെ പാറയിലാണ് ഹെലിയും ആയൂര്‍വേദവും സമന്വയിപ്പിച്ച് ഹെലി ടൂറിസം നടപ്പാക്കുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യത്തേതാണ് ഹെലി ടൂറിസം. നാലാമത്തെ പാറയിലാണ് നൈറ്റ് ക്യാമ്പിങ് ഒരുക്കുന്നത്. ഇവിടെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൌകര്യമൊരുക്കും.  ജഡായു പാറ ടൂറിസം പദ്ധതി നാടിന്റെയാകെ വികസന മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഡി രാജപ്പന്‍ നായര്‍ പറഞ്ഞു. നേരത്തെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജഡായുപാറ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്തിടെ ജഡായുപാറ സന്ദര്‍ശിച്ചിരുന്നു.     Read on deshabhimani.com

Related News