ലക്ഷദ്വീപിലേക്ക‌് 12 കപ്പൽ ഉടന്‍ സർവീസ‌് ആരംഭിക്കും



കൊച്ചി > ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാൻ അഞ്ച് യാത്രാക്കപ്പലുകളടക്കം 12 കപ്പലുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ചരക്ക് കപ്പലുകളും ഒരു എൽപിജി കരിയറും ഒരു ഓയിൽ ടാങ്കറും ഇതിലുൾപ്പെടും. കാലാവസ്ഥ മോശമാകുമ്പോൾ ദ്വീപുകൾ ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് മുന്നിൽക്കണ്ട് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന രണ്ട് യാത്രാക്കപ്പൽ ഉടൻ സർവീസാരംഭിക്കും.150 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇതിനുണ്ടാകും. ഒരേസമയം 250 വിനോദസഞ്ചാരികൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന കപ്പലും സർവീസ‌് ആരംഭിക്കും. ടൂറിസം നയം രൂപീകരിച്ച ശേഷം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രണ്ടുമാസത്തിനകം വിനോദസഞ്ചാര മേഖലയിൽ തൊഴിൽ അവസരങ്ങളും നിക്ഷേപവും വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഏഴ് യാത്രാക്കപ്പലുകളും ആറ് ചരക്ക് കപ്പലുകളുമാണ് ലക്ഷദ്വീപിൽ സർവീസ് നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ദ്വീപിൽ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 33 ശതമാനം ജനങ്ങൾക്കും ലഭ്യമാണ്. രണ്ടുമാസത്തിനകം എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കൊച്ചിയിലും കോഴിക്കോടും പതിനഞ്ചോളം ആശുപത്രികളുമായി ധാരണയായിട്ടുണ്ട്. നാല് ദ്വീപുകളിൽ പിപിപി മാതൃകയിൽ ആശുപത്രികൾക്ക് അംഗീകാരം ലഭിച്ചു. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയടക്കം ഏഴ് ദ്വീപുകളിൽ 17 ലക്ഷം രൂപ വീതം ചെലവിൽ പോർട്ടബിൾ അൾട്രാ സൗണ്ട് ബാറ്ററി ഓപ്പറേറ്റഡ് സ്‌കാനിങ് മെഷീൻ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ആന്ത്രോത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ 50 കിടക്കകളുള്ള ഉപജില്ലാ ആശുപത്രിയായി ഉയർത്തുകയും ഇതിന്റെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ തറക്കല്ലിടൽ കഴിഞ്ഞദിവസം നടന്നതായും അദ്ദേഹം അറിയിച്ചു. ദ്വീപിലെ 2250 പ്ലസ്ടു വിദ്യാർഥികൾക്ക് മൂന്നരക്കോടി രൂപ ചെലവിൽ ടാബ് നൽകിയതായും അദ്ദേഹം പറഞ്ഞു. എൻവൈസി ലക്ഷദ്വീപ് പ്രസിഡന്റ് താബീബുൾ  ആലാം, വൈസ് പ്രസിഡന്റ് ജാഫർ സാദ്ദിഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News