ഐഎസ് ബന്ധം കണ്ണൂര്‍ സ്വദേശികളുടെ കൂടുതല്‍ ഫോണ്‍സന്ദേശങ്ങള്‍ കണ്ടെത്തികണ്ണൂര്‍ >  ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയ കണ്ണൂര്‍ സ്വദേശികളുടെ കൂടുതല്‍ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തി. ചക്കരക്കല്‍ സ്വദേശി ഷാജിലിന്റെ ഭാര്യയുടേതടക്കമുള്ള മുന്നൂറോളം വാട്സ്അപ് ഓഡിയോ സന്ദേശങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഏച്ചൂരിനടുത്ത കമാല്‍ പീടികയിലെ കൊല്ലപ്പെട്ട ഷാജിലിന്റെ ഭാര്യയുടെ ശബ്ദ സന്ദേശത്തില്‍ യുദ്ധഭൂമിയിലാണുള്ളതെന്നാണ് അറിയിക്കുന്നത്.   ഭര്‍ത്താക്കന്‍മാര്‍ മരിച്ച കുറേപേര്‍ കൂടെയുണ്ടെന്നും  അവര്‍ പറയുന്നതായി കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു. ഈ ശബ്ദസന്ദേശത്തില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ പരിസരത്തുള്ളതായി വ്യക്തമാകുന്നുമുണ്ട്. ഇപ്പോള്‍ സിറിയയിലുള്ള വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് ബാങ്ക് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ട് മറ്റൊരാളെ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷാജിലിന്റെ കടബാധ്യത തീര്‍ക്കുന്നതിനാണ് ഇയാള്‍ ഗള്‍ഫിലുണ്ടായിരുന്ന ചക്കരക്കല്‍ സ്വദേശിയോട് അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ടത്. ഈ രണ്ട് ശബ്ദസന്ദേശത്തിലും ഇവര്‍ സിറിയയിലാണുള്ളതെന്നും പറയുന്നുണ്ട്.    വെടിയേറ്റ ഷാജില്‍ വാഹനത്തിനടുത്തേക്ക് നടന്നുവന്നതും പിന്നീട് മരിച്ചതായും ഭാര്യ ഹഫ്സിയ പറയുന്നതും ശബ്ദസന്ദേശത്തിലുണ്ട്. സിറിയയിലേക്ക് പോയവരുടെയും തിരിച്ചയക്കപ്പെട്ടവരുടെയും പാസ്പോര്‍ടുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതായും പൊലീസ് പറഞ്ഞു. തലശേരിയിലെ ഫോര്‍ച്യൂണ്‍, അക്ബര്‍ ട്രാവല്‍സുകള്‍ മുഖേന ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെയും വിസ അടിച്ചുകിട്ടിയതിന്റെയും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.  Read on deshabhimani.com

Related News