കേരളം കണ്ണീരൊപ്പുമെന്ന പ്രതീക്ഷയില്‍ അവര്‍ എത്തിതിരുവനന്തപുരം > "അച്ഛനും സഹോദരനും മകനും കൂട്ടുകാരനും കടലില്‍ പോയിട്ട് കുറേ ദിവസങ്ങളായി. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അവര്‍ ജീവിച്ചിരിക്കുന്നോ എന്നെങ്കിലും അറിയണം. എന്നാല്‍, സ്വന്തംനാട്ടില്‍ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. '' സഹായംതേടി കേരളത്തില്‍ എത്തിയ തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ  പാത്തിമയും സുധയും ഇടനെഞ്ചു പൊട്ടിയാണ് ഇതു പറഞ്ഞത്. കാണാതായ പ്രിയപ്പെട്ടവരെക്കുറിച്ചു പറയുമ്പോള്‍ സങ്കടക്കടല്‍ തിരയടിക്കുന്നു. ഒപ്പം ഇതുവരെ തിരിഞ്ഞുനോക്കാത്ത തമിഴ്നാട് സര്‍ക്കാരിനോടുള്ള രോഷവും. "ഞങ്ങളുടെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. കേരള സര്‍ക്കാര്‍ മാത്രമാണ് ഇനി ആശ്രയം''- ഏങ്ങലടക്കാനാകാതെ പാത്തിമ പറഞ്ഞു. പാത്തിമയ്ക്ക് ഒഴുക്കാനിനി കണ്ണീരില്ല. അന്തോണിയമ്മയും സുധയും സാന്‍ട്രോയും വിറങ്ങലിച്ച് ഒപ്പമുണ്ട്.  അഴുകിയ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനഫലം വരുന്നതും കാത്ത് മെഡിക്കല്‍കോളേജ് ആശുപത്രി പരിസരത്ത് കഴിയുകയാണ് അവര്‍. ഏറെ പ്രതീക്ഷയോടെയാണ് തൂത്തുക്കുടി ഫിഷര്‍മാന്‍ കോളനിയിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയത്. ഈ കോളനിയില്‍നിന്നുള്ളവര്‍ നവംബര്‍ 27ന് കടലില്‍പോയ 16 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ ഇനിയും തിരിച്ചുവന്നിട്ടില്ല. മൂന്നുപേരെ കേരളത്തില്‍ രക്ഷിച്ചു. രണ്ടുപേര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരിച്ചെത്താത്തവരില്‍ ഒരാളായ ജൂഡിന്റെ അമ്മയുടെ സഹോദരിയാണ് പാത്തിമ. സുധ ജൂഡിന്റെ ഭാര്യയും സാന്‍ട്രോ മകനുമാണ്. സഹോദരിയാണ് അന്തോണിയമ്മ. കാണാതായ രവീന്ദ്രന്റെ മകള്‍ മേനകയും കിനിഷ്ഠന്റെ മകന്‍ പോളും ജോസഫിന്റെ വീട്ടുകാരും ഉറ്റവരെ തേടിയെത്തിയ സംഘത്തിലുണ്ട്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്. ഇങ്ങനെ ഒരു രക്ഷാപ്രവര്‍ത്തനം തങ്ങളുടെ നാട്ടിലുമുണ്ടായിരുന്നുവെങ്കില്‍ ഉറ്റവര്‍ തിരിച്ചുവരുമായിരുന്നുവെന്ന് ശെല്‍വവും പല്‍ത്താസറും പറയുന്നു. കേരളത്തിന്റെ സഹായം തേടി രണ്ടിന് തിരുവനന്തപുരത്തെത്തിയ മുപ്പതോളം പേരടങ്ങിയ സംഘം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശത്തെ തുടര്‍ന്ന്  മെഡിക്കല്‍കോളേജിനടുത്ത നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇവര്‍ക്ക് സൌജന്യതാമസവും ഭക്ഷണവും ഒരുക്കിയത്. Read on deshabhimani.com

Related News