'കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനം മാതൃക'ശബരിമല > ചുഴലിക്കാറ്റ് ദുരന്തംവിതച്ച കടലില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കേരളം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് തമിഴ് മാധ്യമ പ്രവര്‍ത്തകന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ കേരളസര്‍ക്കാര്‍ കാട്ടിയ ജാഗ്രത ദുരന്തബാധിതര്‍ അടക്കമുള്ളവര്‍ തന്നോട് പങ്കുവച്ചതായി പ്രമുഖ തമിഴ് ദിനപത്രമായ ദിനമലറിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ എസ് മണികണ്ഠന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങേയറ്റം വിജയമാണെന്ന് കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളികളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. കൊടിയ നാശമുണ്ടായ ഇടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് തമിഴ്നാടും മാതൃകയാക്കണമെന്നാണ് കന്യാകുമാരിയിലെ ദുരിതബാധിതരും ജനങ്ങളും ആവശ്യപ്പെടുന്നത്. എല്ലാ ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും അഹോരാത്രം പ്രവര്‍ത്തിക്കുന്നു. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തിറങ്ങി. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സേവനം ഉറപ്പുവരുത്താന്‍ കേരളത്തിന് കഴിഞ്ഞു. ഇതൊന്നും തമിഴ്നാട്ടില്‍ ഉണ്ടായില്ല. ഒരു മന്ത്രി മാത്രമാണ് എത്തിയത്. 1013 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും ഓരോ കണക്കാണ് തമിഴ്നാട് പുറത്തുവിടുന്നത്. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ലഹരിയിലാണ് തമിഴ്നാട് സര്‍ക്കാരെന്ന് ദുരിതബാധിതര്‍ ആരോപിച്ചതായി മണികണ്ഠന്‍ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരളം 20 ലക്ഷം നല്‍കിയപ്പോള്‍ തമിഴ്നാട്ടില്‍ നാലു ലക്ഷം രൂപയാണ് അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ 15 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൈയൊഴിഞ്ഞു. വൈദ്യുതി-റോഡ് ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചില്ല. പലയിടത്തും വെള്ളം കിട്ടുന്നില്ല. ജനങ്ങള്‍ സമരത്തിലാണ്. ഈ നരകയാതന കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരെന്ന് തമിഴ് മക്കള്‍ പറയുന്നു. ദുരന്തത്തിന് മണികണ്ഠന്‍ സാക്ഷിയാണ്. നാഗര്‍കോവില്‍ സ്വദേശിയായ അദ്ദേഹം മണ്ഡല-മകരവിളക്ക് തീര്‍ഥാടന റിപ്പോര്‍ട്ടിങ്ങിനായാണ് ശബരിമലയിലെത്തിയത്. മഴയും കാറ്റും സംഹാരതാണ്ഡവമാടിയതോടെ കന്യാകുമാരി, ശുചീന്ദ്രം, നാഗര്‍കോവില്‍ മേഖലകള്‍ പൂര്‍ണമായും നശിച്ചു. തിരുനല്‍വേലി-നാഗര്‍കോവില്‍ റോഡിലെ ഒഴുകിനസിരി റോഡ് തകര്‍ന്നുതരിപ്പണമായി. എവിടെനോക്കിയാലും ആര്‍ത്തലച്ചൊഴുകുന്ന വെള്ളമായിരുന്നു. ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും മണികണ്ഠന്‍ കൂട്ടിചേര്‍ത്തു. Read on deshabhimani.com

Related News