പുഞ്ചിരിതൂകി കുഞ്ഞുഫാത്തിമ പ്രിയപ്പെട്ടവരുടെ സ്നേഹക്കൂട്ടിലേക്ക്തിരുവനന്തപുരം > മരുന്ന് മണക്കുന്ന ഐസിയുവില്‍നിന്ന് കുഞ്ഞുഫാത്തിമ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹക്കൂട്ടില്‍. ജീവിതത്തിലേക്ക് തിരികെവന്ന ഫാത്തിമ ലൈബ തന്നെ താലോലിക്കുന്നവരുടെ മുഖത്തേക്ക് നോക്കി ഇടയ്ക്കിടെ പുഞ്ചിരി തൂകും.  പൊന്നുമോളെ തിരികെക്കിട്ടിയതിന്റെ ആഹ്ളാദവും കരുതലേകി കാത്തിരുന്നവരോടുള്ള കടപ്പാടും സിറാജുദീന്റെയും ആയിഷയുടെയും മുഖത്തുണ്ട്. ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയയായ ലൈബ രണ്ടുദിവസം മുമ്പാണ് ആശുപത്രിവിട്ടത്. തുടര്‍ പരിശോധനയുടെ ഭാഗമായി ശ്രീചിത്രയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. കാസര്‍കോട് ചര്‍ളടുക്ക സ്വദേശിയായ സിറാജുദീന്റെ മകളായ ഫാത്തിമ ലൈബയുടെ ശസ്ത്രക്രിയ വിജയകരമാകാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്നു. ഹൃദയധമനികള്‍ പിണഞ്ഞുകിടക്കുന്നതിനാലായിരുന്നു ശസ്ത്രക്രിയ വേണ്ടിവന്നത്.  ശസ്ത്രക്രിയ വിജയമായി. മെഎസിയുവില്‍ പ്രവേശിപ്പിച്ച ഫാത്തിമയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധിച്ചശേഷം തുന്നല്‍ ഒഴിവാക്കി. വീട്ടില്‍പോകാമെന്നും ഒരുമാസം കഴിഞ്ഞ് വന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു. എന്നാല്‍, യാത്ര ഒഴിവാക്കാന്‍ ഇവിടെ താമസിക്കാനാണ് തീരുമാനമെന്ന് സിറാജുദീന്‍ പറഞ്ഞു. 'ട്രാഫിക്' സിനിമയിലെ രംഗം ഓര്‍മിപ്പിക്കുംവിധമായിരുന്നു രണ്ടുമാസം പ്രായമുള്ള  ലൈബയെ ആംബുലന്‍സില്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെത്തിച്ചത്. പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് ആറരമണിക്കൂര്‍ കൊണ്ടാണ് ശ്രീചിത്രയില്‍ എത്തിച്ചത്. എസ്എടി ആശുപത്രിയിലായിരുന്നു ഫാത്തിമയുടെ ജനനം. ഹൃദയധമനികള്‍ പിണഞ്ഞുകിടക്കുന്നത് ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശ്രീചിത്രയില്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു. പ്രസവശേഷം മൂന്നുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യണമെന്നായിരുന്നു അവരുടെ നിര്‍ദേശം. കുട്ടി ജനിച്ചശേഷം ഹൃദയവാല്‍വില്‍ ദ്വാരമുള്ളതായും കണ്ടെത്തി. എന്നാല്‍, തുടര്‍പരിശോധനയില്‍ മൂന്നുമണിക്കൂറിനകം ഓപ്പറേഷന്‍ നടത്തേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഇതിനിടയിലാണ് അണുബാധയുണ്ടായതും അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടിവന്നതും. മകളുടെ ഹൃദയമിടിപ്പിനായി ഒന്നായി കാത്തിരുന്ന മലയാളികളോട് സിറാജുദ്ദീന്‍ നന്ദി പറഞ്ഞു. ഡോക്ടര്‍മാരായ  ബൈജു എസ് ധരന്‍, ദീപ, ശ്രീറാം, കാര്‍ത്തിക്, നേഴ്സുമാര്‍, ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസ്,  സൌജന്യമായി ഭക്ഷണം എത്തിച്ച ബീമാപള്ളി സാന്ത്വനം പ്രവര്‍ത്തകര്‍ തുടങ്ങിയവരെ മറക്കില്ലെന്നും സിറാജുദീന്‍ പറഞ്ഞു. Read on deshabhimani.com

Related News