മകളെ കൊന്ന് അച്ഛന്‍ പൊലീസില്‍ കീഴടങ്ങിതിരൂരങ്ങാടി (മലപ്പുറം) > മകളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ പൊലീസില്‍ കീഴടങ്ങി. പെരുവള്ളൂര്‍ മംഗലശേരി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ചെമ്പൂര്‍ പറങ്കിവിള ശശിധരന്‍ (47)ആണ് മകള്‍ ശാലു (18)വിനെ കഴുത്തില്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ശശിധരന്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. ക്വാര്‍ട്ടേഴ്സ് പരിശോധിച്ച പൊലീസ് സംഭവം സ്ഥിരീകരിച്ചു.  ഭാര്യ ശൈലജയുമായി ശശിധരന്‍ നിരന്തരം കലഹത്തിലായിരുന്നു. തര്‍ക്കത്തില്‍ ശാലു അമ്മയെ ന്യായീകരിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി.  ബുധനാഴ്ച ശശിധരനും ശാലുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ശൈലജ പെരിന്തല്‍മണ്ണ അരക്കുപറമ്പിലെ സ്വന്തം വീട്ടിലായിരുന്നു. രാത്രി അച്ഛനും മകളും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം ശൈലജയെ ചൊല്ലി തര്‍ക്കമുണ്ടായി. അമ്മയെ ന്യായീകരിച്ച ശാലുവിനെ ഇയാള്‍ തോര്‍ത്ത് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ക്വാര്‍ട്ടേഴ്സിന്റെ അടുക്കളഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. കൂലിപ്പണിക്കാരനാണ് ശശിധരന്‍. ശാലു പ്ളസ്ടു കഴിഞ്ഞ് പിഎസ്സി പരീക്ഷാ പരിശീലനത്തിലായിരുന്നു. സഹോദരന്‍ പ്രശാന്ത് വേങ്ങരയില്‍ താമസിച്ചുപഠിക്കുകയാണ്. ഈ കുടുംബം അഞ്ചുവര്‍ഷമായി പെരുവള്ളൂരില്‍ താമസിച്ചുവരികയാണ്. മൃതദേഹം തിരൂരങ്ങാടി സിഐ എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. Read on deshabhimani.com

Related News