എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ വിപുലീകരിക്കും: കോടിയേരിതലശേരി > സിപിഐ എമ്മിന്റെ ബഹുജനസ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയാടിത്തറയും വിപുലപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന്റെ രാഷ്ട്രീയനയങ്ങളോട് താല്‍പര്യം പ്രകടിപ്പിക്കുന്ന കക്ഷികളെ മുന്നണിയുടെ ഭാഗമാക്കണം. ഭരണത്തിലിരിക്കുന്നതിനാല്‍, ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന മറ്റുപാര്‍ടികള്‍ മുന്നണിയില്‍ വേണ്ടെന്ന നിലപാട് സിപിഐ എമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം തലശേരി ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.  എല്‍ഡിഎഫിന് തനിച്ച് ഭൂരിപക്ഷമുള്ളതുകൊണ്ട്  മറ്റുകക്ഷികളെ അകറ്റിനിര്‍ത്തുകയല്ല പാര്‍ടി കാഴ്ചപ്പാട്. സിപിഐ എമ്മിന് തനിച്ച് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ വന്നാലും മുന്നണി സംവിധാനം തുടരും. യുഡിഎഫില്‍ തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന പലര്‍ക്കും അവിടെ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുചേരും. മുന്‍കാലങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യം. ആര്‍എസ്എസിന് നിയന്ത്രണമുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍ ആദ്യമായാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കേന്ദ്ര ഇടപെടലിലും മാറ്റംവന്നിട്ടുണ്ട്.  പുതിയ വെല്ലുവിളി നേരിടാന്‍ കഴിയുംവിധം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും സ്വാധീനം വിപുലപ്പെടുത്തേണ്ടതുണ്ട്.  ആര്‍എസ്എസ് ബോധപൂര്‍വമായ അക്രമമാണ് സംസ്ഥാനത്ത് അഴിച്ചുവിടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14 സഖാക്കളെ അവര്‍ കൊലപ്പെടുത്തി. ഓരോ പ്രദേശവും അക്രമകേന്ദ്രമാക്കാന്‍ ശ്രമിക്കുന്നു. ഫാസിസ്റ്റ് പ്രവര്‍ത്തനരീതിയാണിത്. ആര്‍എസ്എസിനെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതിന് സഹായകമായ നിലയില്‍ രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തനം സംഘടിപ്പിക്കണം. കൂടുതല്‍ ആളുകളെ അണിനിരത്തണം. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. പാര്‍ടി പ്രവര്‍ത്തകര്‍ എപ്പോഴും ജനങ്ങളോട് വിനയാന്വിതരായി പെരുമാറണം. അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും പ്രകടിപ്പിക്കരുത്. പാര്‍ടി മെമ്പര്‍മാര്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നവരാകണം. അല്ലാത്തവരെ മെമ്പര്‍ഷിപ്പില്‍നിന്ന് ഒഴിവാക്കണം. ഒരു ഉത്തരവാദിത്തവും നിര്‍വഹിച്ചില്ലെങ്കിലും പാര്‍ടി കമ്മിറ്റിയില്‍ തുടരാമെന്ന സ്ഥിതി അനുവദിക്കാനാവില്ല. കാലഘട്ടത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്ന ഊര്‍ജസ്വലമായ കമ്മിറ്റികളും കാഡര്‍മാരുമാണ് ഇന്നാവശ്യമെന്നും കോടിയേരി പറഞ്ഞു. Read on deshabhimani.com

Related News