ബിജെപിയുടെ പ്രധാന എതിരാളി സിപിഐ എം: പിണറായിതലശേരി> ബിജെപി ഏറ്റവും പ്രധാന ശത്രുവായി അവരെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയുമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്വാധീനമുള്ള പാര്‍ടിയാണെങ്കിലും കോണ്‍ഗ്രസിനെ ആ രീതിയില്‍ അവര്‍ കാണുന്നില്ല. തലശേരി ടി സി ഉമ്മര്‍നഗറില്‍ ചേര്‍ന്ന സിപിഐ എം ഏരിയാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ വലിയ തോതില്‍ സ്വാധീനമുള്ള പാര്‍ടിയൊന്നുമല്ല സിപിഐ എം. ചില സംസ്ഥാനങ്ങളില്‍ നേരിയ ശക്തിമാത്രമേ പാര്‍ടിക്കുള്ളൂ. ശരിയായ നിലപാട് എടുക്കാനും തെറ്റായ കാര്യങ്ങള്‍ തുറന്നുകാട്ടി ചോദ്യംചെയ്യാനും മതനിരപേക്ഷതക്കും രാജ്യത്തിന്റെ ഐക്യത്തിനും ഉറച്ചുനിന്ന് നിലപാട് സ്വീകരിക്കുന്നതും സിപിഐ എമ്മാണ്. ഇക്കാര്യം ശരിയായ രീതിയില്‍ ബിജെപി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് സിപിഐ എമ്മിനെ പ്രധാന ശക്തിയായി കണ്ടുള്ള നിലപാട് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു ഘട്ടത്തിലും ഒരു പാര്‍ടിയുടെയും അഖിലേന്ത്യാ ഓഫീസ് ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍, സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും ബിജെപി നേതാക്കളുമടക്കമുള്ളവരാണ് ആക്രമിക്കാന്‍ എത്തിയത്. അവര്‍ ഏറ്റവും വലിയ തലവേദനയായി സിപിഐ എമ്മിനെ കാണുകയാണ്. ബിജെപി സര്‍ക്കാരിന്റെ വകതിരിവില്ലാത്ത നടപടികളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പാര്‍ലമെന്ററി ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം വലിയതോതില്‍ പ്രതിസന്ധി നേരിടുകയാണ്. രാജ്യം എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു വിധ ആശയക്കുഴപ്പവുമില്ല. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ അത്തരം കാര്യങ്ങളില്‍ വ്യക്തതയാര്‍ന്ന നിലപാട് സ്വീകരിച്ചതാണ്. ആ നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ഉയരുന്നത്. ബിജെപി ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതില്‍ മതനിരപേക്ഷ ശക്തികളെ അണിനിരത്തുന്നതിന് ഒരു പ്രയാസവുമില്ല. അതൊരു രാഷ്ട്രീയ കൂട്ടുകെട്ടോ തെരഞ്ഞെടുപ്പ് സഖ്യമോ അല്ല. നയപരമായ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുക. ഉദാരവല്‍ക്കരണ നയത്തിന്റെ വക്താക്കളുമായി ചേര്‍ന്ന് രാജ്യത്ത് എന്തെങ്കിലും മാറ്റമുണ്ടാക്കാനാവുമെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ് പഴയ നയത്തില്‍തന്നെയാണ് നില്‍ക്കുന്നത്.കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാനോ രാഷ്ട്രീയമായി കൂട്ടുകെട്ടുണ്ടാക്കാനോ ആകില്ലെന്നും പിണറായി പറഞ്ഞു. Read on deshabhimani.com

Related News