ഓഖി: മൂവായിരത്തോളം പേരെ കാണാനില്ല; തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭം

# കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ കുഴിത്തുറയില്‍ റെയില്‍പാത ഉപരോധിച്ചപ്പോള്‍


നാഗര്‍കോവില്‍ > തമിഴ്നാട്ടില്‍നിന്ന് കടലില്‍പോയ രണ്ടായിരത്തഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ല. ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ഇവരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും നടപടിയെടുക്കാത്തതിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭം. തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. കേരളം തമിഴ്നാടിനെ കണ്ടുപഠിക്കണമെന്ന് ഇവിടുത്തെ ചില മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കെയാണ് എട്ടുദിവസമായി കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പോലും നടക്കുന്നില്ലെന്ന റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കേരള സര്‍ക്കാരിന്റെ സഹായം തേടി നിരവധിയാളുകള്‍ തിരുവനന്തപുരത്ത് എത്തി. തമിഴ്നാട്ടില്‍ ഇതുവരെ 11 മൃതദേഹമാണ് കണ്ടെത്തിയത്. ഇതും മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതാണ്. തീരദേശ രക്ഷാസേനയുടെയോ, നാവിക, വ്യോമസേനയുടെയോ സേവനം ലഭ്യമാക്കിയിട്ടില്ല. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കന്യാകുമാരി സന്ദര്‍ശിച്ചുവെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. മരിച്ചവരുടെ എണ്ണം കൂടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കേരളസര്‍ക്കാര്‍ സ്വീകരിച്ച മാതൃകയില്‍ രക്ഷാ-ദുരിതാശ്വാസ നടപടികള്‍ വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ രംഗത്തിറങ്ങി. കേരള മാതൃകയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രത്യേക പാക്കേജും നടപ്പാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് തൂത്തൂര്‍ ഫെറോന വികാരി ഫാ. ആന്‍ഡ്രൂസ് ഗോമസ് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ ഒരു രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് ഫാ. ആന്‍ഡ്രൂസ് ഗോമസ് 'ദേശാഭിമാനി'യോട് പറഞ്ഞു. തുത്തൂര്‍ മുതല്‍ ഇരയുമന്‍തുറ വരെയുള്ള മേഖലയില്‍ മാത്രം  895 പേരെയാണ് കാണാതായത്. എണ്‍പതിലധികം വള്ളങ്ങളും ബോട്ടുകളും കാണാനില്ല. ചിന്നത്തുറ, ഇപി തുറ, വള്ളവളെ, മാര്‍ത്താണ്ഡംതുറ, നീരോളിതുറ, പൂത്തൂറ തുടങ്ങി എട്ടു വില്ലേജുകളില്‍നിന്നുള്ളവരാണ് 895 പേര്‍. തൂത്തുക്കുടി വഴിയും മറ്റും കടലില്‍പോയ നൂറുകണക്കിന് തൊഴിലാളികളെക്കുറിച്ചും വിവരമില്ല. തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളില്‍നിന്ന് പോയ ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളെയും കണ്ടെത്താനായില്ല. 3500 പേരെ കാണാനില്ലെന്നാണ് ജനങ്ങള്‍ പറയുന്നതെങ്കിലും രണ്ടായിരത്തിലധികമാളുകളുടെ വ്യക്തമായ കണക്കുണ്ട്. തൂത്തൂറില്‍നിന്ന് 60 നോട്ടിക്കല്‍ മൈലകലെ ഒഴുകി നടക്കുന്ന ബോട്ടുകളെപ്പറ്റി വിവരം ലഭിച്ചിട്ടും തമിഴ്നാട് സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. കന്യാകുമാരി ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വൈദ്യുതി-ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. റോഡുകളില്‍ വീണ മരങ്ങള്‍ നീക്കിയില്ല. ജനങ്ങള്‍ സ്വമേധയാ തുടങ്ങിയ ക്യാമ്പുകളില്‍ ഭക്ഷണവും ശുദ്ധജലവും പോലും എത്തിക്കാന്‍ അധികൃതര്‍ തയ്യാറല്ല. കടുത്ത പട്ടിണിയിലേക്കാണ് തീരദേശം നീങ്ങുന്നത്. തമിഴ്നാടിനും ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നത് നവംബര്‍ 30നാണ്. 30നു രാവിലെ 8.30ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം നല്‍കിയ അറിയിപ്പില്‍ തമിഴ്നാട് തീരപ്രദേശങ്ങളില്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒരു മുന്‍കരുതലും സ്വീകരിച്ചില്ല. എന്നിട്ടും തമിഴ്നാട് വന്‍തോതില്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്ന നുണയാണ് കേരളത്തിലെ ചില മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നത്്. 57 പേരെക്കൂടി രക്ഷിച്ചു തിരുവനന്തപുരം > കടലില്‍ അകപ്പെട്ട  57 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷിച്ചു. ഇതില്‍ 15പേരെ വ്യോമസേനയാണ് രക്ഷിച്ചത്. നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. ലക്ഷദ്വീപിലടക്കം രക്ഷപ്പെട്ടെത്തിയവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ സജീവമാക്കി. മൂന്ന് സംസ്ഥാനങ്ങളിലായി 324 മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം രണ്ട് വിമാനംകൂടി തെരച്ചിലിനായി ഉപയോഗിച്ചു. ലക്ഷദ്വീപിലെ ബിത്രദ്വീപില്‍ അകപ്പെട്ട കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള 42 മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ജീസസ് ഫ്രണ്ട്, സെന്റ്ജോര്‍ജ്, പെരിയനായക, മറിയാമ്മ എന്നീ ബോട്ടുകളിലാണ് ഇവര്‍ പോയത്. നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം മത്സ്യത്തൊഴിലാളികളെയും കൂട്ടി തെരച്ചിലിനുപോയ കോസ്റ്റ്ഗാര്‍ഡിന്റെ വൈഭവ് കപ്പലാണ് കണ്ടെത്തിയത്.  കായംകുളത്തിനടുത്ത് അഴീക്കലില്‍നിന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രണ്ട് മൃതദേഹവും ചേറ്റുവയില്‍നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തു.രാത്രിയോടെ വിഴിഞ്ഞത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇതുവരെ 18 പേരെയാണ് മരിച്ചനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.  11 മൃതദേഹം തിരിച്ചറിയാനുണ്ട്. Read on deshabhimani.com

Related News