തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ സുരക്ഷ കലക്ടര്‍ വിലയിരുത്തികാലടി > തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പു മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിരീക്ഷിച്ചു. രാവിലെ റവന്യു, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ സന്ദര്‍ശിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഭക്തര്‍ ദര്‍ശനംകാത്തുനില്‍ക്കുന്ന നടപ്പന്തലുകള്‍, ഫ്ളൈഓവറുകള്‍, ബാരിക്കേഡുകള്‍ എന്നിവയുടെ സുരക്ഷ നിരീക്ഷിച്ച് ഉറപ്പുവരുത്തി. ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ  സിസി ടിവി നിരീക്ഷണസംവിധാനങ്ങളുടെ കാര്യക്ഷമതയും കണ്ടുമനസ്സിലാക്കി. ദര്‍ശനക്രമവും ഭക്തര്‍ക്ക് ഒരുക്കിയ സൌകര്യങ്ങളെയും സംബന്ധിച്ച് ട്രസ്റ്റ് സെക്രട്ടറി പി ജി സുധാകരന്‍, വൈസ് പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, അംഗങ്ങളായ കെ കെ ബാലചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ചനടത്തി. കലക്ടറുടെ നിര്‍ദേശപ്രകാരം അസി. കലക്ടര്‍ ഇഷ പ്രിയ കഴിഞ്ഞദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തി സുരക്ഷാ നടപടികള്‍ പരിശോധിച്ചിരുന്നു. സുരക്ഷാസംവിധാനങ്ങളില്‍ കലക്ടര്‍ പൂര്‍ണതൃപ്തി അറിയിച്ചതായി ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു. നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു സമീപം തുറന്ന കുടുംബശ്രീയുടെ ജില്ലാതല വിപണനമേള കലക്ടര്‍ ഉദ്ഘാടനംചെയ്തു.  Read on deshabhimani.com

Related News