ഡീസല്‍ വില റെക്കോഡിലേക്ക്



കൊച്ചി > ഡീസല്‍ വില സര്‍വകാല റെക്കോഡിലേക്ക്. ഒരു മാസത്തിനിടെ 1.52 രൂപ കൂടി ഡീസലിന്റെ വില 63.93 (കൊച്ചി) രൂപയിലെത്തി. പെട്രോളിന് 70 പൈസയുംകൂടി. പെട്രോള്‍വില കൊച്ചിയില്‍ ബുധനാഴ്ച 72.87 രൂപയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. അതായത് 19.58 രൂപയുടെ വ്യത്യാസം. ഇപ്പോള്‍ പെട്രോള്‍-ഡീസല്‍ വില തമ്മില്‍ വെറും 8.94 രൂപ വ്യത്യാസമേയുള്ളൂ. കഴിഞ്ഞ അഞ്ചുദിവസം തുടര്‍ച്ചയായി പെട്രോളിന്റെ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഡീസല്‍വില 20 പൈസ കൂടി. ഇത് തുടര്‍ന്നാല്‍ 2018 അവസാനത്തോടെ ഡീസല്‍വില പെട്രോളിന്റേതിന് തുല്യമാകുകയോ കൂടുകയോ ചെയ്യുമെന്ന് ബിപിസിഎല്‍ എംപ്ളോയീസ് അസോസിയേഷന്‍ പറയുന്നു. ഡീസലിന്റെ ഉപയോഗം കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഡീസലിന് മാത്രം വിലവര്‍ധിക്കുന്നതെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോള്‍ പെട്രോള്‍ കഴിഞ്ഞാണ് ഡീസല്‍ ലഭിക്കുക. അതുകൊണ്ടുതന്നെ സംസ്കരണചെലവ് കൂടും. നേരത്തെ ഈ തുക കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഇളവായി നല്‍കിയിരുന്നു. ഇളവ് നിര്‍ത്തുന്നതിനാലാണ് വില കൂടുന്നത്. ഇത് സ്വകാര്യ എണ്ണക്കമ്പനികളെ സംരക്ഷിക്കാനാണെന്നും ആക്ഷേപമുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സംസ്കരണ ഇളവ് ലഭിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണകമ്പനികളോട് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡീസല്‍വില കൂടുന്നത് അവശ്യ സാധനങ്ങളടക്കമുള്ളവയുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നതാണ് പ്രധാനം. പക്ഷെ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. ഭക്ഷ്യസാധനങ്ങളടക്കം പുറത്തുനിന്ന് കൊണ്ടുവരുന്ന ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാകും കൂടുതല്‍ ബാധിക്കുക. അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നതുകൊണ്ടാണ് ഡീസല്‍ വില കൂടുന്നതെന്ന വാദത്തിലും വലിയ കഴമ്പില്ല. നരേന്ദ്രമോഡി അധികാരമേറ്റ 2014 മേയില്‍ ക്രൂഡ്ഓയില്‍ ബാരലിന് 120 ഡോളറായിരുന്നു വില. ഇപ്പോഴത്തെ വില 66.87 ഡോളറാണ്. പക്ഷെ അന്ന് 69.15 രൂപയായിരുന്ന പെട്രോളിന്റെ വില 72.87 രൂപയായി കൂടി. ഡീസലിന് 49.57 രൂപയായിരുന്നത് 63.93 രൂപയുമായി. മൂന്നുവര്‍ഷംകൊണ്ട് ഡിസലിന്റെ വിലയില്‍ 13 രൂപയുടെ വ്യത്യാസം ഉണ്ടായപ്പോള്‍ പെട്രോളിന്റെ വിലയില്‍ വന്ന വ്യത്യാസം 3.72 രൂപ (ഇതിനിടയ്ക്ക് വില കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്). Read on deshabhimani.com

Related News