ഷീ ടാക്സികള്‍ എല്ലാ ജില്ലയിലേക്കുംതിരുവനന്തപുരം > സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടത്തിവന്ന ഷീ ടാക്സിയുടെ നടത്തിപ്പുചുമതല പൂര്‍ണമായും സംസ്ഥാന വനിതാ വികസന കോര്‍പറേഷനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. സ്ത്രീകളുടെ യാത്രാസൌകര്യം വര്‍ധിപ്പിക്കുന്നതിനും സ്ത്രീ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതി, യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുവരവോടെ പ്രതിസന്ധിയിലായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ വായ്പാ ഗഡുക്കളുടെ തിരിച്ചടവ് പോലും മുടങ്ങി. മന്ത്രി കെ കെ ശൈലജ ഇടപെട്ടാണ് പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ പൂര്‍ണ ചുമതല വനിതാ വികസന കോര്‍പറേഷനായിരിക്കും. ഇടനിലക്കാരെ ഒഴിവാക്കും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലുള്ള പദ്ധതി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ ടാക്സി സര്‍വീസായി ഷീ ടാക്സിയെ മാറ്റും. സ്വകാര്യ ഏജന്‍സി നടത്തിവന്ന ടാക്സികളുടെ ഫ്ളീറ്റ് മാനേജ്മെന്റ് സ്ത്രീസുരക്ഷാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സേവനമായ 'മിത്ര 181' ഏറ്റെടുക്കും. വാഹനം ആവശ്യമാകുമ്പോള്‍ മിത്രയില്‍ വിളിച്ചാല്‍ മതിയാകും. സര്‍വീസ് നിരക്കും വാഹനത്തിന്റെ ലഭ്യതയും എസ്എംഎസ് വഴി യാത്രക്കാരെയും ഡ്രൈവറെയും അറിയിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളോടെയാകും ഇനി ഷീ ടാക്സികള്‍ ഓടിത്തുടങ്ങുക. മൊബൈല്‍ ആപ് വഴി വാഹനം ബുക്ക് ചെയ്യുന്നതിനും യാത്രാ തുക പേമെന്റ് ഗേറ്റ് വേ സംവിധാനം വഴി അടയ്ക്കാന്‍ കഴിയുംവിധവുമാകും സര്‍വീസ് പരിഷ്കരണം നടപ്പാക്കുകയെന്ന് വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ എസ് സലീഖ പറഞ്ഞു. Read on deshabhimani.com

Related News