മലബാര്‍ നദികളില്‍ 'റിവര്‍ ക്രൂയിസ്'തിരുവനന്തപുരം > ലോക ടൂറിസം ഭൂപടത്തില്‍ മലബാറിനുമിടം നല്‍കി സംസ്ഥാനത്താകെ പുതിയ ടൂറിസം പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഉത്തര മലബാറിലെ ഏഴു നദികളെ സംയോജിപ്പിച്ചുള്ള 'റിവര്‍ ക്രൂയിസ്' ആണ് മലബാറിന്റെ പതാകവാഹക ടൂറിസം പദ്ധതി. 325 കോടി രൂപ അടങ്കലില്‍ വിശദ പദ്ധതിരേഖ തയ്യാറായികഴിഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുകാത്തുനില്‍ക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ടൂറിസം വകുപ്പ്. ബോട്ട്ജെട്ടികള്‍, നദീതട വികസനം, സാംസ്കാരിക ടൂറിസം, വില്ലേജ് ടൂറിസം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. 2020ല്‍ പൂര്‍ത്തിയാകുന്ന പദ്ധതി തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപിപ്പിക്കും. തലശേരി പൈതൃക പദ്ധതിക്ക് 100 കോടി രൂപയാണ് അടങ്കല്‍. കടല്‍പാലം, വെല്ലസ്ളി ബംഗ്ളാവ്, ഗുണ്ടര്‍ട്ട് ബംഗ്ളാവ് തുടങ്ങിയവയുടെ സൌന്ദര്യവല്‍കരണവും പദ്ധതിയുടെ ഭാഗമാണ്. മുസരീസ് പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 100 കോടി രൂപ അടങ്കല്‍ വരുന്ന വിശദ പദ്ധതി രേഖയാണ് തയ്യാറാകുന്നത്. ഒന്നാംഘട്ടം പുര്‍ത്തിയാകുന്നു. മുസരീസ് ബിനാലെ പദ്ധതിയില്‍ ബിനാലെയ്ക്ക് സ്ഥിരം വേദിയൊരുക്കും. ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ നീക്കിവയ്ക്കും. അടിസ്ഥാന സൌകര്യ വികസനത്തിന് 10 കോടി രൂപ വിനിയോഗിക്കും. രണ്ടുവര്‍ഷത്തേക്ക് ബിനാലെ സംഘാടനത്തിന് 20 കോടി രൂപ നീക്കിവച്ചു. ആലപ്പുഴ പൈതൃക പദ്ധതിയുടെ 80 ശതമാനത്തോളം പൂര്‍ത്തിയായി. ഇടതൂര്‍ന്ന കാടുകള്‍ വഴി 30 ട്രക്കിങ് പാതകള്‍ ഒരുക്കും. ഇതിന്റെ ഭാഗമായി 30 ക്യാമ്പിങ് സെന്ററുകള്‍ ആരംഭിക്കും. 10 സാഹസിക വിനോദ കേന്ദ്രങ്ങള്‍ തുറക്കും. നിലവിലെ 65ല്‍പരം സഞ്ചാര കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് 100 കോടി നീക്കിവച്ചു. സുല്‍ത്താന്‍ബത്തേരി, കോഴിക്കോട്, മൂന്നാര്‍, പൊന്മുടി ഗസ്റ്റ് ഹൌസുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഗുരുവായൂര്‍, കന്യാകുമാരി, തിരുവനന്തപുരം, ശബരിമല ഗസ്റ്റ് ഹൌസുകള്‍ 2020ല്‍ പൂര്‍ത്തിയാകും. 10 കേന്ദ്രങ്ങളില്‍ പൈതൃക ഗ്രാമം, 35 കോടിയുടെ അടങ്കലില്‍ ഉത്തരവാദ ടൂറിസം, മുഴുപ്പിലങ്ങാട് ബീച്ച് റിസോര്‍ട്ട്, വേളി ടൂറിസ്റ്റ് ഹബ്, 14 ജില്ലകളില്‍ ടൂറിസം അടിസ്ഥാന സൌകര്യ വികസനം, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. Read on deshabhimani.com

Related News