ബാങ്കിങ് ബില്‍ പാസാക്കാന്കള്ളക്കളിയുമായി കേന്ദ്രം
കൊച്ചി > പാര്‍ലമെന്റ് തല്ക്കാലം പാസാക്കാതെ മാറ്റിവച്ച എഫ്ആര്‍ഡിഐ (ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്) ബില്‍ അടുത്ത ബജറ്റ്സെഷനില്‍ പാസാക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്ര ധനമന്ത്രാലയം. ജനവിരുദ്ധ ബാങ്കിങ് ബില്ലിലെ വ്യവസ്ഥകള്‍ ന്യായീകരിച്ച് ധനമന്ത്രാലയം ഇറക്കിയ വിശദീകരണക്കുറിപ്പ് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ബാങ്കിങ്വിദഗ്ധരും തൊഴിലാളി യൂണിയനുകളും പറയുന്നു. നിര്‍ദിഷ്ട ബില്ലിലെ 'ബെയ്ല് ഇന്‍' വ്യവസ്ഥ പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാധകമാകില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്. പുതിയ ബില്‍ വന്നാല്‍ പൊതുമേഖലാ ബാങ്കുകളെ സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം നല്കുന്ന 'ബെയ്ല് ഔട്ട്' സംവിധാനത്തിലാക്കാന്‍ വ്യവസ്ഥചെയ്യുമോയെന്നും പറഞ്ഞിട്ടില്ല. ബാങ്ക് പൊളിഞ്ഞാല്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത നിക്ഷേപകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് മറ്റൊരു വിശദീകരണം. മാത്രമല്ല, നിക്ഷേപകരുടെ സമ്മതം വാങ്ങിയശേഷമേ ബെയ്ല് ഇന്‍ നടപ്പാക്കൂ എന്നും പറയുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തവരെ പരിഗണിക്കുമെന്നു പറയുന്നത് മറ്റൊരു തട്ടിപ്പാണെന്ന് ബാങ്കിങ് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് പരിഗണന നല്‍കാത്ത ബില്ലാണോ എഫ്ആര്‍ഡിഐ എന്നും ചോദ്യമുണ്ട്. സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും പരിരക്ഷ നല്കുന്ന ഡിഐസിജിസി (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്പറേഷന്)യെ ശക്തിപ്പെടുത്തുന്നതിനുപകരം റസല്യൂഷന്‍ കോര്പറേഷന് കൊണ്ടുവരുന്നത് എന്തിനാണെന്നതിനും ഉത്തരമില്ല. ഡിഐസിജിസിയെ 1993നുശേഷം നിര്‍ജീവമാക്കിയത് മാറി വന്ന കേന്ദ്രസര്‍ക്കാരുകളാണ്. 93ലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏറ്റവുമൊടുവില്‍ വര്‍ധിപ്പിച്ച് ഒരുലക്ഷമാക്കിയത്. കാല്‍നൂറ്റാണ്ടായി ഈ പരിധി ഉയര്‍ത്താന്‍ ഭരണത്തിലിരുന്നവര് ശ്രമിച്ചുമില്ല. ഇത്ര കാലവും റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായിരുന്ന ഡിഐസിജിസി പിരിച്ചുവിട്ട് റിസര്‍വ് ബാങ്കിനും മുകളില്‍ റസല്യൂഷന്‍ കോര്‍പറേഷനെ കൊണ്ടുവരാനാണ് നീക്കം. റസല്യൂഷന്‍ കോര്പറേഷന് വേണമെങ്കില്‍ ഇന്ഷുറന്സ്പരിധി ഉയര്‍ത്താമെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഡിഐസിജിയുടെ ഇപ്പോഴുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തിയാല്‍ മതിയാകുമെന്നും കാലാകാലം അത് വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ കുറഞ്ഞത് 10 ലക്ഷമെങ്കിലും നിക്ഷേപത്തിന് പരിരക്ഷ കിട്ടുമെന്നുമാണ് നിക്ഷേപകരും പറയുന്നത്. ഇവിടെയാണ് സര്‍ക്കാരിന്റെ വിശദീകരണം പൊളിയുന്നത്. റസല്യൂഷന്‍ കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തെ ചോദ്യംചെയ്യാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ലെന്ന വ്യവസ്ഥ ധനമന്ത്രാലയം മറച്ചുവയ്ക്കുകയാണ്. സുപ്രീംകോടതിക്ക് മാത്രമാണ് പുതിയ കോര്‍പറേഷന്റെ തീരുമാനം ചോദ്യംചെയ്യാന്‍ അധികാരമുള്ളത്. നിര്‍ദിഷ്ട ബില്ലിലെ ഈ വ്യവസ്ഥയും സര്‍ക്കാര്‍ മാറ്റിയതായി അറിവില്ല. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കിട്ടാക്കടം കൂടുതലുള്ളത് പൊതുമേഖലാ ബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകളില്‍ ഇപ്പോഴുള്ള 3.04 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം 10 കുത്തകക്കമ്പനികളുടേതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈ തുക സാധാരണക്കാരില്‍നിന്ന് ഈടാക്കണമെന്ന അന്യായം അടുത്ത ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. Read on deshabhimani.com