ഓഖി: 6 മൃതദേഹംകൂടി തിരിച്ചറിഞ്ഞുതിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ മരിച്ച ആറ് മൃതദേഹംകൂടി തിരിച്ചറിഞ്ഞു. കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇവരില്‍ മൂന്ന് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരുമാണ് ഉള്ളത്. പൂന്തുറ സ്വദേശി ഡെന്‍സണ്‍, വിഴിഞ്ഞം സ്വദേശി ജെറോം, പുല്ലുവിള സ്വദേശി സിറില്‍ മിറാന്‍ഡ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശി കെനിസ്റ്റനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസവും മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ആകെ 31 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കാണാതായെന്ന് പൊലീസില്‍ പരാതി ലഭിച്ചവരില്‍ ഏതാനുംപേര്‍ തിരിച്ചെത്തി. ഇവരുടെ വിവരങ്ങള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചുവരികയാണ്.  ഡെന്‍സന്റെ മൃതദേഹം നീണ്ടകരയിലും ജെറോം, സിറില്‍ വിന്‍സന്റ് എന്നിവരുടേത് ബേപ്പൂരുമാണ് കണ്ടെത്തിയത്. ജെറോമിന്റെയും സിറിലിന്റെയും കെനിസ്റ്റന്റെയും മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചവയില്‍ 10 മൃതദേഹമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 13 എണ്ണം അവശേഷിക്കുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്ത് മികച്ച രക്ഷാപ്രവര്‍ത്തനവും ദുരന്തനിവാരണ പ്രവൃത്തികളും നടത്തിയത് കേരളമാണെന്ന് ദേശീയ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാര്‍തന്നെയും വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എണ്ണൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരന്തം അറിഞ്ഞ നിമിഷംമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മയും കടകംപള്ളി സുരേന്ദ്രനും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആശ്രിതര്‍ക്കെല്ലാം 20 ലക്ഷം രൂപവീതം ഒരുമാസത്തിനകം ധനസഹായം നല്‍കി. ട്രഷറിയില്‍ അഞ്ചുവര്‍ഷത്തേക്ക് സ്ഥിരംനിക്ഷേപമായാണ് നല്‍കിയത്. കടലില്‍നിന്ന് ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്തവരുടെ കുടുംബത്തിന് മാസം 10,000 രൂപ ധനസഹായം നല്‍കാനും തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും 15 കപ്പല്‍ ദിവസങ്ങളോളം കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി അഞ്ചു ലക്ഷം രൂപ നല്‍കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, തീരമേഖലയിലെ പുനര്‍നിര്‍മാണം എന്നിവയ്ക്ക് 7340 കോടി രൂപയുടെ പാക്കേജ് വിശദ റിപ്പോര്‍ട്ടോടെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. Read on deshabhimani.com

Related News