മാധ്യമങ്ങളെ വിലയ‌്ക്കെടുക്കുന്ന പ്രവണത അപകടകരം: മുഖ്യമന്ത്രി



തിരുവനന്തപുരം നിർഭയ മാധ്യമപ്രവർത്തനം കാഴ്ചവച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യം പിന്തുടരാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വദേശാഭിമാനി കേസരി പുരസ്കാരവും സംസ്ഥാന മാധ്യമപുരസ്കാരങ്ങളും വിതരണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ  സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ വിലയ‌്ക്കെടുക്കുന്ന തെറ്റായപ്രവണത രാജ്യത്ത് വളർന്നുവരികയാണ‌്. ഇരുപതിലധികം  മാധ്യമങ്ങൾ കോടികൾ വാങ്ങി പെയ്ഡ് ന്യൂസിന് വഴങ്ങുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ കോബ്രാ പോസ്റ്റ് പുറത്തുകൊണ്ടുവന്നത്. ഇത‌് മാധ്യമരംഗത്തെ പിടിച്ചുലയ‌്ക്കുന്നതാണ‌്. എന്നാൽ,  അതിനെ ഏറ്റെടുക്കാൻ കേരളത്തിലെ മാധ്യമങ്ങളും വൈകിട്ട് വലിയ ചർച്ചകൾ നയിക്കുന്നവരും തയ്യാറായില്ല. നിർഭയ മാധ്യമപ്രവർത്തനം നടത്തുന്നവർ ഇത്തരം സന്ദർഭങ്ങളിൽ ആരെയാണ് ഭയക്കുന്നത്. മാധ്യമരംഗത്ത‌് മൂലധനം പിടിമുറുക്കുമ്പോൾ വായനക്കാർക്കും അറിയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും. മൂലധനത്തിന്റെയും പത്രമുതലാളിമാരുടെ വാർത്ത അറിയിക്കാനുള്ള സ്വാതന്ത്ര്യവും മാത്രമാണ‌് ഇവിടെ സംരക്ഷിക്കപ്പെടുക. നാടിനും ജനങ്ങൾക്കുമായി സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവർത്തനമാണ‌്  വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News