വര്‍ണങ്ങളാല്‍ ഐലന്റെ ഓര്‍മപുതുക്കി

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ കാസര്‍കോട് ജില്ലാ മത്സരം ഉദുനൂര്‍ ഗവ. ഹയര്‍സെക്കന്റഡി സ്കൂളില്‍ പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.


ഉദിനൂര്‍ > ജീവിതത്തിന്റെ മറുകര തേടിയുള്ള യാത്രക്കിടെകപ്പല്‍ചേതം വന്ന് മരണത്തിന്റെ തീരത്തെത്തിയ കുഞ്ഞുഐലന്റെ വിങ്ങുന്ന ഓര്‍മപുതുക്കിയാണ് അക്ഷരമുറ്റം വിജ്ഞാനോത്സവത്തിന്റെ ജില്ലാതല മത്സരം തുടങ്ങിയത്. പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് 'കടലും ഐലനും' എന്ന വര്‍ണചിത്രം ഉദ്ഘാടന സമയത്തുതന്നെ വരച്ചുതീര്‍ത്തു. എല്ലാം മനസിലാക്കുന്ന കുട്ടികള്‍ പഴയ കാലത്തേക്കാളും സമര്‍ഥരായി വളരുകയാണെന്ന് എബി ചൂണ്ടിക്കാട്ടി. ഉദ്ഘാടനച്ചടങ്ങില്‍ അതിഥികള്‍ സംസാരിക്കുന്ന സമയത്തുതന്നെ സദസില്‍ സ്ഥാപിച്ച ക്യാന്‍വാസില്‍ അരമണിക്കൂറിനകം എബി ചിത്രം പൂര്‍ത്തിയാക്കി. കടല്‍തീരത്ത് മരണത്തിന്റെ മടിയിലുറങ്ങുന്ന കുട്ടിയുടെ പേര് ഐലന്‍ കുര്‍ദിയാണെന്ന് മത്സരത്തിനെത്തിയ കൂട്ടുകാരെല്ലാം ചോദിക്കുന്നതിന് മുമ്പേ വിളിച്ചുപറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഗ്രൂപ്പായി തിരിഞ്ഞാണ് കൂട്ടുകാര്‍ മത്സരത്തിനെത്തിയത്. ഏഴ് ഉപജില്ലയിലെ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 112 കുട്ടികള്‍ മത്സരിച്ചു. 20 ചോദ്യങ്ങളാണ് ചോദിച്ചത്. മള്‍ട്ടിമീഡിയ പ്രസന്റേഷനായാണ് അവതരണം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഒന്ന് മാത്രമാണെങ്കിലും ഉപചോദ്യങ്ങളും മറ്റും ചോദിച്ച് സംവാദരൂപത്തിലായിരുന്നു മത്സരം മുന്നേറിയത്. എല്‍പി വിഭാഗത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകള്‍' എന്ന പുസ്തകത്തിന്റെ കവര്‍ കാണിച്ച് ഇതാരുടെ പുസ്തകം എന്ന ചോദ്യം വന്നു. അതോടൊപ്പം പുനത്തിലിന്റെ പൊതു സാഹിത്യ സംഭാവനകള്‍ അധ്യാപകര്‍ വിവരിച്ചു. ഇതേ ചോദ്യം ഹയര്‍സെക്കന്‍ഡറിയിലെത്തുമ്പോള്‍ പുനത്തിലിന്റെ ശബ്ദം കേള്‍പ്പിച്ചായിരുന്നു തുടക്കം. ഓഡിയോയിലൂടെ പുനത്തിലിന്റെ ശബ്ദശകലം കേള്‍പ്പിച്ചു. പുസ്തകം വായിച്ച അറിവ് മാത്രമല്ല, കാര്യങ്ങളെ നിരീക്ഷിച്ചും പരീക്ഷിച്ചും ലഭിച്ച അറിവുകളും ക്വിസ് മത്സരത്തില്‍ മാറ്റുരച്ചു. കെ മോഹനന്‍ കണ്‍വീനറായി പി വി ഭാസ്കരന്‍, എം ഇ ചന്ദ്രാംഗദന്‍, എം സുനില്‍കുമാര്‍, കെ സുരേന്ദ്രന്‍ എന്നിവരടങ്ങിയ അക്കാദമിക് കമ്മിറ്റിയാണ് മത്സരം നിയന്ത്രിച്ചത്. കൃഷ്ണദാസ് പലേരി (എല്‍പി), നാറോത്ത് ബാലകൃഷ്ണന്‍ (യുപി), കെ വി രാമകൃഷ്ണന്‍ (എച്ച്എസ്), വി എസ് ബിജുരാജ് (എച്ച്എസ്എസ്) എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി. Read on deshabhimani.com

Related News