നാട്ടിലേക്കുള്ള കൂട്ട സ്ഥലംമാറ്റം വില്ലൻ കൃഷിഭവനുകളിൽ നാഥനില്ലാതായി



  സ്വന്തം ലേഖകൻ കാസർകോട്‌ ജില്ലയിൽ 12 കൃഷിഭവനുകളിൽ ഓഫീസർമാരില്ല. പദ്ധതികളുടെ  നിർവഹണം പാളുന്നു. ഫണ്ട്‌   പാഴാകുന്നു.  രണ്ട്‌ ബ്ലോക്കുകളിൽ അസിസ്‌റ്റന്റ്‌  ഡയറക്ടറുടെ  ഒഴിവുമുണ്ട്‌. അയൽപക്കത്തും വിദൂരത്തുമുള്ള കൃഷിഭവനുകളിലെ  ഓഫീസർമാർക്ക്‌ അധിക ചുമതല നൽകി ഏന്തിവലിയുകയാണ്‌ ഇവിടങ്ങളിലെ കൃഷി ഭവനുകൾ. വകുപ്പിന്റേതിന്‌ പുറമെ പഞ്ചായത്തുകളുടെയും   കാർഷിക പദ്ധതികളുടെ  നിർവഹണ  വിഭാഗമായ കൃഷിഭവനുകളുടെ പ്രവർത്തനം താളം തെറ്റുമ്പോഴും ചുമതലയേൽക്കുന്ന കൃഷി ഓഫീസർമാർ വേഗത്തിൽ സ്വന്തം സൗകര്യത്തിന്‌  തെക്കൻ ജില്ലകളിലെ നാട്ടിലേക്ക്‌  സ്ഥലംമാറ്റം  നേടി പോവുകയാണ്‌.  കർഷകരുടെ  ക്ഷേമത്തിന്‌ പുല്ലുവില കൽപിക്കാതെയുള്ള ഇവരുടെ കൂട്ട സ്ഥലംമാറ്റത്തിന്‌ ഉന്നതതലങ്ങളിൽനിന്നുള്ളവരും കൈയയഞ്ഞ്‌  സഹായിക്കുന്നു. പുതുതായി ചുമതലയേൽക്കുന്ന സ്ഥലങ്ങളിൽ മൂന്ന്‌ ‌ വർഷമെങ്കിലും ജോലിചെയ്യണമെന്നാണ്‌ ചട്ടമെങ്കിലും ഇതൊന്നും കൂസാതെയാണ്‌ സ്ഥലംമാറ്റം. ചിലരാണെങ്കിൽ   ഡെപ്യൂട്ടേഷനും  സ്‌പെഷ്യൽ പ്രോജക്ടും പറഞ്ഞ്‌ തടിതപ്പുന്നു. പുതിയയാളുകളെ നിയമിക്കാതെയാണ്‌  സ്ഥലം മാറ്റം.  ജില്ലയിൽ മുമ്പ്‌ 18 ഓഫീസർമാരുടെ ഒഴിവുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നിലവിൽ വന്ന റാങ്ക്‌ ലിസ്്‌റ്റിൽനിന്ന്‌ പുതുതായി നിയമനം നടത്തിയതോടെ ഒഴിവുകളുടെ എണ്ണം കുറഞ്ഞു. എന്നാൽ ചുമതലയേറ്റവർ ഏതാനും മാസങ്ങൾക്കുള്ളിൽ സ്ഥലംമാറിപ്പോയി. ജില്ലയുടെ വടക്കൻ മേഖലയിലാണ്‌ പ്രശ്‌നം രൂക്ഷം. മഞ്ചേശ്വരം ബ്ലോക്കിൽ  വോർക്കാടി, മംഗൽപാടി, മീഞ്ച കൃഷിഭവനുകളിൽ ഓഫീസർമാരില്ല. എൻമകജെ, പുത്തിഗെ, പൈവളിഗെ ഓഫീസർമാർക്കാണ്‌  യഥാക്രമം അധിക ചുമതല.  മീഞ്ച കൃഷി ഓഫീസർ വന്നിട്ട്‌ ഒരു മാസം നിന്നില്ല. മഞ്ചേശ്വരം ബ്ലോക്കിലെ കൃഷി അസിസ്‌റ്റന്റ്‌ ‌ഡയറക്ടർ അവധിയിലാണ്‌. അധികചുമതല  കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌  അസിസ്‌റ്റന്റ്‌ ‌ഡയറക്ടർക്കാണ്‌.  കാസർകോട്‌ ബ്ലോക്കിൽ നാല്‌ മാസമായി അസിസ്‌റ്റന്റ്‌ ‌ഡയറക്ടറില്ല. ചുമതല  ബദിയടുക്ക കൃഷി ഓഫീസർക്കാണ്‌. ബ്ലോക്കിൽ  ചെമ്മനാട്‌,  ചെങ്കള എന്നിവിടങ്ങളിൽ കൃഷി ഓഫീസറില്ല. കുമ്പള,  മധൂർ കൃഷി ഓഫീസർമാർക്കാണ്‌ അധിക ചുമതല.  കാറഡുക്ക ബ്ലോക്കിൽ  ദേലംപാടി, കുമ്പഡാജെ, ബെള്ളൂർ എന്നിവിടങ്ങളിൽ ഓഫീസറില്ല.  ബേഡഡുക്ക, കാറഡുക്ക, മുളിയാർ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ്‌ യഥാക്രമം  അധിക ചുമതല.  പരപ്പ ബ്ലോക്കിൽ  വെസ്‌റ്റ്‌ എളേരി, ഈസ്‌റ്റ്‌ എളേരി, കോടോം‐ ബേളൂർ എന്നിവിടങ്ങളിലെ കൃഷി ഓഫീസർമാരുടെ അധിക ചുമതല യഥാക്രമം ബളാൽ, കിനാനൂർ‐ കരിന്തളം, കള്ളാർ എന്നിവിടങ്ങളിലുള്ളവർക്കാണ്‌.  കാഞ്ഞങ്ങാട്‌ ബ്ലോക്കിലെ മടിക്കൈ കൃഷിഭവന്റെ അധിക ചുമതല പള്ളിക്കര കൃഷി ഓഫീസർക്കാണ്‌. നീലേശ്വരം ബ്ലോക്കിൽ മാത്രമാണ്‌ എല്ലാ കൃഷിഭവനിലും ഓഫീസർമാരുള്ളത്‌. ഈയിടെ മഞ്ചേശ്വരം, വോർക്കാടി, ഈസ്‌റ്റ്‌ എളേരി എന്നിവിടങ്ങളിൽ പുതിയ  കൃഷി ഓഫീസർമാരെ നിയമിച്ചപ്പോൾ ആളെത്തിയത്‌ മഞ്ചേശ്വരത്ത്‌ മാത്രം. ഈസ്‌റ്റ്‌ എളേരിയിൽ എത്തേണ്ടയാൾ നാട്ടിലേക്ക്‌ സ്ഥലംമാറ്റം വാങ്ങി. വോർക്കാടിയിൽ നിയമനം ലഭിച്ചയാളെ കാണാനില്ല. മടിക്കൈയിൽ നിയമനം ലഭിക്കുന്നവർ ദാ വന്നു... ദേ പോയി എന്ന നിലയിലാണ്‌.   ജില്ലയിൽ കൃഷിഭവന്റെ തലപ്പത്തും ഒഴിവുണ്ട്‌.  ആറ്‌ ഡെപ്യൂട്ടി ഡയറക്ടർമാരിൽ ഒന്ന്‌ ഒഴിഞ്ഞ്‌ കിടക്കുന്നു. തലപ്പത്തുള്ളവരും  വേഗത്തിൽ സ്ഥലംവാങ്ങി പോകുന്നുവെന്നും കൂടുതലും അവധിയിലായിരിക്കുമെന്നും ആക്ഷേപമുണ്ട്‌.  ജില്ലയിൽ കൃഷി വകുപ്പിന്റെ മറ്റ്‌ ഓഫീസളുകളും  തലവന്മാരില്ലാതെ കഷ്ടപ്പെക്ഷോണ്‌.  ആദൂർ കശുമാവ്‌ വികസന ഓഫീസിൽ ഓഫീസറില്ല. പുല്ലൂർ സീഡ്‌ ഫാമിൽ സീനിയർ കൃഷി ഓഫീസർ, കാസർകോട്‌ അസിസ്‌റ്റന്റ്‌  സോയിൽ കെമിസ്‌റ്റ്‌  എന്നിവ ഒഴിഞ്ഞുകിടക്കുന്നു.  Read on deshabhimani.com

Related News