മോഡിയെ മാലയിട്ടവര്‍ ഇന്ന് തള്ളിപ്പറയുന്നു: പി കരുണാകരന്‍ മേല്‍പറമ്പ് > അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മോഡിയെ സ്വീകരിച്ചവര്‍ തെറ്റ് തിരിച്ചറിഞ്ഞതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു. സിപിഐ എം ഉദുമ ഏരിയാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡിയെ പിന്തുണച്ചവര്‍ വലിയ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഭരണത്തില്‍ മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാനായില്ല. മോഡി ഭരണത്തില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സമരത്തിനിറങ്ങിയ ആറു കര്‍ഷകരെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വെടിവച്ച് കൊന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ പ്രതിസന്ധിയിലാക്കി. നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയും അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. രാജ്യസഭയില്‍ ഒരിക്കല്‍ പരാജയപ്പെട്ട ജിഎസ്ടി ബില്‍ പിന്നീട് പാസാക്കിയത് കോണ്‍ഗ്രസ് സഹായത്തോടെയാണ്.  വര്‍ഗീയ ചേരിതിരിവിലൂടെ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.  ഇതിനായി ഇതര മതവിരോധം പ്രചരിപ്പിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വര്‍ഗീയതയെയും ചെറുക്കുന്നത് സിപിഐ എമ്മാണ്. അതിനാലാണ് കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പി കരുണാകരന്‍ പറഞ്ഞു.  Read on deshabhimani.com

Related News