ഉദുമ ടെക്സ്റ്റൈല്‍ മില്‍ ഉടന്‍ തുറക്കണം

സിപിഐ എം ഉദുമ ഏരിയാസമ്മേളന സമാപന പൊതുയോഗം മേല്‍പറമ്പില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു


 മേല്‍പറമ്പ് > ഉദുമ ടെക്സ്റ്റൈല്‍ മില്‍ ഉടന്‍ തുറക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വ്യവസായ പിന്നോക്കാവസ്ഥക്ക് പരിഹാരമായാണ് പൊതുമേഖലയില്‍ ഈ വന്‍കിട വ്യവസായ സ്ഥാപനം തുടങ്ങിയത്.  ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴില്‍ 17 കോടി രൂപ ചെലവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്  മൈലാട്ടിയില്‍ ആധുനിക രീതിയിലുള്ള ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് മില്‍ സ്ഥാപിച്ചത്. തറക്കല്ലിട്ട് ഏഴുമാസത്തിനുള്ളില്‍ ഫാക്ടറി നിര്‍മിച്ചു. എല്ലാ യന്ത്രസംവിധാനങ്ങളും സ്ഥാപിച്ചു. തൊഴിലാളികളെ നിയമിച്ചാല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി. റാങ്ക്ലിസ്റ്റ് തയ്യാറായപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. അതോടെ നിയമനം മുടങ്ങി. പിന്നീട് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ റാങ്ക്ലിസ്റ്റ് റദ്ദാക്കി. നിയമനത്തിന് മറ്റ് നടപടികളും സ്വീകരിച്ചില്ല. കുറ്റമറ്റരീതിയില്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് റദ്ദാക്കിയത്. ഇതോടെ കോടികള്‍ മുടക്കിയ മില്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ യന്ത്രങ്ങള്‍ തുരുമ്പെടുക്കാന്‍ തുടങ്ങി. അതിനാല്‍ നിയമതടസ്സങ്ങള്‍ നീക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ച് മില്‍ തുറക്കാന്‍ നടപടിയെടുക്കണം.  കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കുക, പനയാല്‍ കാട്ടിയടുക്കത്തെ ദേവകി വധക്കേസിലെ പ്രതികളെ പിടികൂടുക, കീഴൂര്‍ മുതല്‍ ചേറ്റുകുണ്ട് വരെ കടല്‍ഭിത്തി പൂര്‍ത്തിയാക്കുക, ചട്ടഞ്ചാലിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, ചിത്താരി പുഴയില്‍ റകുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  വ്യാഴാഴ്ച ചര്‍ച്ചകള്‍ക്ക് സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണനും ടി നാരായണനും മറുപടി പറഞ്ഞു. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍, കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കെ വി ഭാസ്കരന്‍ ക്രഡന്‍ഷ്യല്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതിക്കായി കണ്‍വീനര്‍ ആര്‍ പ്രദീപും പ്രസീഡിയത്തിനായി എം കുമാരനും നന്ദി പറഞ്ഞു.  സമാപന പ്രകടനവും റെഡ്വളണ്ടിയര്‍ മാര്‍ച്ചും മേല്‍പറമ്പിനെ ചെങ്കടലാക്കി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഐ എം ആര്‍ജിച്ച സ്വീകാര്യതയും പിന്തുണയും വിളിച്ചോതുന്നതായിരുന്നു ബഹുജന റാലി. മാനവ സാഹോദര്യത്തിന് മുന്നില്‍ മതവര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവും. കളനാട് കേന്ദ്രീകരിച്ചാണ് ബഹുജന പ്രകടനവും റെഡ്വളണ്ടിയര്‍ മാര്‍ച്ചും തുടങ്ങിയത്. മേല്‍പറമ്പ് ഇമ്പിച്ചിബാവ നഗറില്‍ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍, പി കെ പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News