പതാക- കൊടിമര ജാഥകള്‍ 6ന് പ്രയാണം തുടങ്ങും

സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ നിര്‍മിച്ച ഗേറ്റ്


കാസര്‍കോട് > സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകള്‍ ആറിന് തുടങ്ങും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പാതാക ജാഥ ആറിന് രാവിലെ 9.30ന് മുനയംകുന്ന് രക്തസാക്ഷി സ്മാരകത്തില്‍ ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാസെക്രട്ടറിയറ്റ് അംഗം ടി വി ഗോവിന്ദനാണ് ജാഥാലീഡര്‍. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ജാഥ പകല്‍ ഒന്നിന് കയ്യൂര്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍ എംഎല്‍എയാണ് ജാഥാലീഡര്‍.  പ്രതിനിധി സമ്മേളന നഗറില്‍ സ്ഥാപിക്കാനുള്ള കൊടിമര ജാഥ പകല്‍ ഒന്നിന് ചീമേനിയില്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റ് അംഗം പി ജനാര്‍ദനനാണ് ജാഥാലീഡര്‍. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൂന്ന് ജാഥയും ഏഴിനും പ്രയാണം തുടരും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര ജാഥ ഏഴിന് രാവിലെ പത്തിന് പൈവളിഗെയില്‍ സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റ് അംഗം ഡോ. വി പി പി മുസ്തഫയാണ് ജാഥാലീഡര്‍. പ്രതിനിധി സമ്മേളന നഗറില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖ ജാഥ പകല്‍ ഒന്നിന് ഭാസ്കര കുമ്പള സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമനാണ് ജാഥാലീഡര്‍. അഞ്ച് ജാഥയും പകല്‍ 3.15ന് കറന്തക്കാട് സംഗമിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം നടക്കുന്ന ഇന്ദിരാനഗറിലെ എം രാമണ്ണറൈ നഗറില്‍ പതാക ഉയരും.   Read on deshabhimani.com

Related News