ഇരിട്ടി പാലം പൈലിങ‌് പ്രവൃത്തി വീണ്ടും തുടങ്ങി

ഇരിട്ടി പുതിയ പാലത്തിന്റെ പൈലിങ‌് പുനരാരംഭിച്ചപ്പോൾ


ഇരിട്ടി ഉരുൾപൊട്ടൽദുരന്തത്തിൽ പ്രതിസന്ധിയിലായ ഇരിട്ടി പാലത്തിന്റെ പൈലിങ‌് പ്രവൃത്തി പുനരാംരംഭിച്ചു. പൈലിങ്ങിന‌് ഉയർത്തിയ മൺതിട്ട പുഴയെടുത്തതോടെയാണ്  പൈലിങ‌്നിർത്തിവച്ചത്. കാലവർഷം ശക്തി പ്രാപിച്ചതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാൽ പഴശ്ശി പദ്ധതിയിൽ കെട്ടി നിർത്തിയ വെള്ളം വളപട്ടണം പുഴയിലേക്ക് തുറന്നു വിട്ടിരുന്നു. മാക്കൂട്ടത്തെ ഉരുൾപൊട്ടലിലെ ശക്തമായ ഒഴുക്കുംകൂടിയപ്പോൾ പൈലിങ്ങിനായി ഉയർത്തിയ മൺതിട്ട ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഇതോടെയാണ‌് പൈലിങ‌് നിർത്തിയത‌്. പുഴയുടെ ഇരുകരകളിലും ഉയർത്തിയ മൺ തിട്ടയും ഒഴുക്കിൽപ്പെട്ടതിനാൽ ഇരു ഭാഗത്തേയും മണ്ണിട്ട് ഉയർത്തിയാൽ മാത്രമെ പൈലിങ‌് നടത്താനാവൂ.  കഴിഞ്ഞ വർഷം പൈലിങ‌് ഒഴുകിപ്പോയതിനെ തുടർന്ന് ലോകബാങ്കിന്റെയും കെഎസ്ടിപി യുടേയും പാലം വിദഗ്ധർ നിരവധി തവണ നിർമാണ മേഖല സന്ദർശിച്ച് പഠനം നടത്തിയ ശേഷമാണ് പൈലിങ്ങിന് രൂപരേഖയുണ്ടാക്കിയത്.  നേരത്തെ നാലു പൈലിങ്ങോടുകൂടി തൂൺ നിർമിക്കാനായിരുന്നു തീരുമാനം. പിന്നീട് ഇത് ആറാക്കി. പൈലിങ്ങിന്റെ ആഴം പ്രകൃതിദത്തമായ പാറ കണ്ടതിന് ശേഷവും രണ്ട് മീറ്ററോളം താഴ‌് ത്താനുമായിരുന്നു നിർദേശം. ഇതുപ്രകാരം പാലത്തിന്റെ ഇരിട്ടി ടൗണിനേട് ചേർന്ന ഭാഗത്തെ ആറു പൈലിങ്ങിൽ മൂന്നെണ്ണം മാത്രമാണ് പൂർത്തിയായത്. നാലാമത്തെ പൈലിങ്ങിനോട് ചേർന്ന ഭാഗത്തെ മൺതിട്ടയാണ് പുഴയിലേക്ക് പതിച്ചത്.  നിർത്തിവച്ച ഒരു ഭാഗത്തെ പൈലിങ്ങാണ് ഇപ്പോൾ പുനരാരംഭിച്ചത്.പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്ത് പൈലിങ‌് നടത്താൻ ഇനിയും മണ്ണിട്ട്  ഉയർത്തേണ്ടി വരും.  Read on deshabhimani.com

Related News