പടപ്പാട്ടുമായി കന്നട സംഘം കയ്യൂരില്‍

ചേതന തീര്‍ഥഹള്ളിയും മുനീര്‍ കാട്ടിപ്പള്ളയുമടങ്ങുന്ന സംഘം കയ്യൂരിലെത്തിയപ്പോള്‍.


കയ്യൂര്‍ > അസാമാന്യ ധീരതയാല്‍ പോരാട്ടഭൂപടത്തില്‍ രക്തബിന്ദുവായി ജ്വലിച്ചുനില്‍ക്കുന്ന കയ്യൂര്‍ രക്തസാക്ഷികളുടെ കഥയറിയാന്‍ കന്നട നാടിന്റെ പുതുതലമുറയിലെ പോരാളികളെത്തി. കര്‍ണാടകയില്‍നിന്നുള്ള അറുപതംഗ സംഘമാണ് കയ്യൂരിലെത്തിലെത്തിയത്. ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത കന്നട എഴുത്തുകാരി ചേതന തീര്‍ഥഹള്ളിയും ഡിവൈഎഫ്ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ളയും അടങ്ങുന്ന സംഘമാണ് 'ചിരസ്മരണ വായിക്കാം കയ്യൂരിലേക്ക് പോകാം' എന്നപേരില്‍ കയ്യൂര്‍ യാത്ര സംഘടിപ്പിച്ചത്. പടപ്പാട്ടുകളും കവിതകളും പാടി മുദ്രാവാക്യങ്ങള്‍ വിളിച്ചും രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നുമായിരുന്നു കര്‍ണാടക സംഘം കയ്യൂരിന്റെ ചുവന്ന മണ്ണിലേക്ക് കടന്നുവന്നത്. ബംഗളൂരു, ഹാസന്‍, മംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നവമാധ്യമ കൂട്ടായ്മയാണിത്. സംഘപരിവാര്‍ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാതെ മംഗളൂരുവില്‍ കാലുകുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം കയ്യൂര്‍ പോരാളികളുടെ പിന്‍ഗാമിയാണെന്നതിന്റെ നിദര്‍ശനമായി സംഘം ചൂണ്ടിക്കാട്ടി. തേജസ്വിനിപ്പുഴയോരത്തെ രക്തസാക്ഷി മണ്ഡപം, രക്തസാക്ഷികളുടെ തറവാടുകളായ മഠത്തില്‍ തറവാട്, കോയിത്താറ്റില്‍ തറവാട്, കൂക്കോട്ടെ പള്ളിക്കല്‍ തറവാട് എന്നിവയും കയ്യൂര്‍ പോരാട്ടചരിത്രത്തിന്റെ ഭാഗമായ കളിയാട്ടംകൂടിയ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു. ഓരോ കേന്ദ്രത്തിലും ചിരസ്മരണ നോവലിന്റെ കന്നട പതിപ്പിലെ പ്രധാന ഭാഗങ്ങള്‍ അവര്‍ ആവേശം ഉള്ളിലേക്കേറ്റുവാങ്ങി വായിച്ചു. വിദ്യാര്‍ഥികളും യുവാക്കളും ഡോക്ടര്‍മാരുമടക്കം സമൂഹത്തിന്റെ ഭിന്നമേഖലകളിലുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News