അമ്മ മാറി മകന്‍ വന്നാലും കോണ്‍ഗ്രസ് നയം മാറില്ല: കോടിയേരി തലശേരി > അമ്മ മാറി മകന്‍ വന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒരു മാറ്റവുമുണ്ടാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നയംമാറുന്നുണ്ടോ എന്നതാണ് പ്രശ്നം. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് ആര്‍എസ്എസിനെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഈ നിലപാടുകളാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ഏരിയസമ്മേളനം തലശേരി ടൌണ്‍ഹാളിനടുത്ത് ടിസി ഉമ്മര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യശത്രുവാരാണെന്നത് സംബന്ധിച്ച് സിപിഐ എമ്മിന് ഒരു അവ്യക്തതയുമില്ല. മുഖ്യവിപത്തായ ബിജെപിയുടെ വര്‍ഗീയതക്കും ഉദാരവത്കരണ നയത്തിനുമെതിരെ പൊരുതും. അവരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയത്തിനെതിരെയും പോരാടും. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിനോ ധാരണക്കോ സിപിഐ എം ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കൂട്ടുകെട്ട് നയപരമായി യോജിപ്പുള്ള കക്ഷികളുമായി മാത്രമേയുള്ളൂ. കോണ്‍ഗ്രസ്, ബിജെപി നിലപാടുകള്‍ക്കെതിരെ പുതിയൊരു രാഷ്ട്രീയമുന്നേറ്റം രാജ്യത്ത് വളര്‍ന്നുവരികയണ്. അങ്ങനെ ചിന്തിക്കുന്ന ജനങ്ങളുടെ പ്രതീക്ഷയാണ് കേരളവും ത്രിപുരയും.  രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കോര്‍പറേറ്റുകളുടെ വലിയതോതിലുള്ള പിന്തുണയും ഇതിനുണ്ട്. രാജ്യത്തെ പ്രമുഖ അച്ചടി- ദൃശ്യമാധ്യമങ്ങളെല്ലാം കോര്‍പറേറ്റുകള്‍ വരുതിയിലാക്കി. കോര്‍പറേറ്റുകള്‍ നല്‍കുന്ന പണമാണ് ആര്‍എസ്എസ്- കോര്‍പറേറ്റ് ബന്ധത്തിന്റെ അടിസ്ഥാനം.  കോര്‍പറേറ്റ് താല്‍പര്യപ്രകാരമാണ് ചരക്കുസേവന നികുതി വേണ്ടത്ര തയ്യാറെടുപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. സാധാരണക്കാരുടെ ചെലവില്‍ കോര്‍പറേറ്റുകളെ രക്ഷപ്പെടുത്തുകയാണ് നോട്ട് നിരോധനത്തിലൂടെയും ചെയ്തത്. ബാങ്കുകളില്‍ കിട്ടാക്കടമായ എട്ടരലക്ഷം കോടി രൂപയില്‍ ഏഴുലക്ഷം കോടി യും പത്ത് പ്രധാന കോര്‍പറേറ്റുകളുടേതാണ്. രാജ്യത്ത് ശക്തിപ്രാപിക്കുന്ന തൊഴിലാളി-കര്‍ഷക സമരങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് രാമക്ഷേത്രം, ഗോസംരക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ ബിജെപി ഉയര്‍ത്തുന്നതെന്നും കോടിയേരി പറഞ്ഞു.  Read on deshabhimani.com

Related News