അഴീക്കോ,് പ്രിയതമ സുപ്രിയ സുധാകര്‍ കണ്ണൂര്‍ > ഓര്‍മകളുടെ തിരയടിയില്‍ ഉള്ളുലഞ്ഞ് മീനാക്ഷി ടീച്ചര്‍. കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തിന് കണ്ണൂര്‍ വീണ്ടുമൊരിക്കല്‍ വേദിയാകുമ്പോള്‍ നിസ്വവര്‍ഗത്തിന്റെ ധീരപോരാളി അഴീക്കോടന്‍ രാഘവനും അദ്ദേഹത്തിന്റെ ദാരുണാന്ത്യവും മനസ്സിന്റെ നെരിപ്പോടില്‍ കനലണയാതെ കിടക്കുന്നു.  'പാര്‍ടി സമ്മേളനങ്ങളെന്നാല്‍ എന്റെ ഓര്‍മയില്‍ സഖാവ് തീരെ വീട്ടില്‍ വരാത്ത ദിവസങ്ങളാണ്. അല്ലെങ്കില്‍തന്നെ വല്ലപ്പോഴുമാണ് വീട്ടില്‍ വരിക. സമ്മേളനകാലമായാല്‍ പറയാനില്ല. ഒരു പോക്കാണ്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞാകും വീട്ടിലെത്തുക'- പള്ളിക്കുന്നിലെ വീട്ടിലിരുന്ന് മീനാക്ഷി ടീച്ചര്‍ പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കുന്നു.   അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലേക്ക് മീനാക്ഷി എത്തുന്നത്. 1956 മെയ് 20നായിരുന്നു വിവാഹം. ആ വര്‍ഷം ജൂണ്‍ 22 മുതല്‍ 24വരെ തൃശൂരില്‍ നടന്ന പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ അഴീക്കോടന്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെപ്തംബര്‍ ഒമ്പതിന് കണ്ണൂരില്‍ നടന്ന സമ്മേളനത്തില്‍ പ്രത്യേക കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സെപ്തംബര്‍ 19ന് അഴീക്കോടന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, 1964ല്‍ സിപിഐ എം രൂപംകൊണ്ടതോടെ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗം, ഇടതുപക്ഷ മുന്നണി കണ്‍വീനര്‍. 1972 സെപ്തംബര്‍ 23ന് രാത്രി തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ ക്രൂരമായി കൊല്ലപ്പെടുന്നതുവരെ ഉത്തരവാദിത്വങ്ങളിലും തിരക്കുകളിലുമായിരുന്നു അഴീക്കോടന്‍.  'ആദ്യമൊക്കെ സമ്മേളനങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ എന്നെയും കൊണ്ടുപോകുമായിരുന്നു. അങ്ങനെ ഇ എം എസ്, എ കെ ജി, നായനാര്‍ ഉള്‍പ്പെടെ ഒരുപാടു നേതാക്കളുടെ കുടുംബങ്ങളുമായി പരിചയപ്പെടാനായി. പിന്നെപ്പിന്നെ ഞാന്‍ സ്കൂളും വീട്ടുകാര്യവും കുട്ടികളെ നോക്കലുമായി ഒതുങ്ങി. എത്ര ദിവസം കഴിഞ്ഞുവന്നാലും പരാതിയോ പരിഭവമോ പറയാറില്ല. തിരക്കുകള്‍ എനിക്കറിയാമായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും സ്നേഹമയിയായ കുടുംബനാഥന്റെയും അച്ഛന്റേയും സാന്ത്വനം ഞങ്ങള്‍ക്ക് ലഭിച്ചു. വരുമ്പോഴൊക്കെ കുറേ പുസ്തകങ്ങളും പെണ്‍കുട്ടികള്‍ക്ക് വളയും പൊട്ടും കണ്‍മഷിയുമൊക്കെ കരുതും. മക്കളോട് വായിക്കാനും കുറിപ്പ് തയ്യാറാക്കാനും നിര്‍ദേശിക്കുമായിരുന്നു'.  എണ്‍പത്തഞ്ചാം വയസില്‍ ശാരീരിക അവശതകള്‍ അലട്ടുന്നുണ്ടെങ്കിലും സിപിഐ എമ്മിന്റെയും വര്‍ഗ- ബഹുജന സംഘടനകളുടെയും പരിപാടികളില്‍ ടീച്ചര്‍ ഇപ്പോഴും താല്‍പര്യപൂര്‍വം പങ്കെടുക്കുന്നു. അഴീക്കോടന്‍ രാഘവനെ നേരിട്ടും അല്ലാതെയും  അറിയുന്ന എത്രയോ പേര്‍ ഇപ്പോഴും വീട്ടിലെത്തുന്നു. സങ്കടങ്ങളുടെ കടലാഴം ഉള്ളിലൊളിപ്പിച്ച് നിറ ചിരിയോടെ സ്വീകരിക്കാന്‍ ഉമ്മറത്ത് ടീച്ചറുണ്ടാകും.   Read on deshabhimani.com

Related News