പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി എം എം മണി

ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ജില്ലാതല യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി സംസാരിക്കുന്നു


 ഇടുക്കി > പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി നിര്‍ദ്ദേശിച്ചു. ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം കലക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.     ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി വ്യാപനം പൊതുവെ കുറവായിരുന്നെങ്കിലും സംസ്ഥാനത്താകെ വിഷമകരമായ സാഹചര്യമായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ‘ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ജനപങ്കാളിത്തവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കണം. ഈ വര്‍ഷം കുറിഞ്ഞിപൂക്കുന്ന സാഹചര്യത്തില്‍ വലിയതോതില്‍ സഞ്ചാരികള്‍ ജില്ലയിലെത്തും.  വിനോദസഞ്ചാരികള്‍ ജില്ലയുടെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളെ സന്ദര്‍ശിച്ച ശേഷമാകും മടങ്ങുകയെന്നതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രതയും ഉണ്ടാകണം.    ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ നടപടികള്‍ ഉണ്ടാകണം. പഞ്ചായത്ത്- വാര്‍ഡ്തല ആരോഗ്യസമിതികളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൌലോസ് അധ്യക്ഷയായി. ജില്ലയില്‍ ആരോഗ്യ ജാഗ്രത പദ്ധതി പ്രവര്‍ത്തനങ്ങള്‍ 21 ന് ആരംഭിക്കും.  വാര്‍ഡ്തലത്തില്‍ 50 വീടുകള്‍ക്ക് രണ്ട് വളണ്ടിയര്‍മാര്‍ എന്ന രീതിയില്‍ നിയോഗിക്കും. തദ്ദേശ‘ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ  നേതൃത്വത്തില്‍ വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. എഡിഎം പി ജി രാധാകൃഷ്ണന്‍, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മല നന്ദകുമാര്‍, ഡിഎംഒ പി കെ സുഷമ, ഡോ. സുജിത് സുകുമാരന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  Read on deshabhimani.com

Related News